അബ്ദുറഹ്മാൻ രണ്ടത്താണി, നൂർബീന റഷീദ് എന്നിവരുടേത് വൈകാരിക പ്രകടനമാണെന്ന് സാദിഖ് അലി തങ്ങൾ. സീറ്റ്‌ ഇല്ല എന്നതിന് അർത്ഥം പാർട്ടി അകറ്റി നിർത്തി എന്നല്ലെന്നും എല്ലാവരെയും ചേർത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു

മലപ്പുറം: ലീ​ഗ് സ്ഥാനാർത്ഥി പട്ടികയിലെ നേതാക്കളുടെ അതൃപ്തിയിൽ പ്രതികരിച്ച് സാദിഖ് അലി തങ്ങൾ. അബ്ദുറഹ്മാൻ രണ്ടത്താണി, നൂർബീന റഷീദ് എന്നിവരുടേത് വൈകാരിക പ്രകടനമാണെന്ന് സാദിഖ് അലി തങ്ങൾ പറഞ്ഞു. സീറ്റ്‌ ഇല്ല എന്നതിന് അർത്ഥം പാർട്ടി അകറ്റി നിർത്തി എന്നല്ലെന്നും എല്ലാവരെയും ചേർത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്യമായ ആലോചനകൾക്ക് ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അബ്ദുറഹ്മാൻ രണ്ടത്താണി എംഎൽഎ ആയിട്ടുണ്ട്. പാർട്ടി കൊടുത്ത പദവി വഹിക്കുന്നുണ്ടെന്നും അതൃപ്തികൾ എല്ലം പാർട്ടി കേൾക്കുമെന്നും സാദിഖ് അലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

തിരൂരങ്ങാടി ലീഗ് സ്ഥാനാർത്ഥിക്കെതിരെയാണ് മുൻ എംഎൽഎ അബ്ദുറഹ്മാൻ രണ്ടത്താണി രം​ഗത്തെത്തിയത്. ലീഗ് കമ്മിറ്റികൾ അറിയാതെയാണ് പിഎംഎ സമീറിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് അദ്ദേഹം വിമർശിച്ചു. കമ്പനി സെക്രട്ടറിയായിരുന്ന പി എം എ സമീറിനെ തിരൂരങ്ങാടിയിൽ സ്ഥാനാർത്ഥിയാക്കിയത് ചോദ്യം ചെയ്തുകൊണ്ടാണ് രണ്ടത്താണി ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം, വനിത ലീഗിനെ പട്ടികയിൽ അവഗണിച്ചുവെന്നാണ് വനിതാ ലീഗ് ദേശിയ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞത്. ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ലെന്നും പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയതെന്നും അവർ പറഞ്ഞു.