തിരുവനന്തപുരം: വിരമിക്കാന്‍ അഞ്ചുവര്‍ഷം ബാക്കിയുള്ള അധ്യാപകന് വിശ്രമ ജീവിതത്തിന് ആശംസ അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്ത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്കും ഓഫീസിനും ഇങ്ങനെയൊരു അബദ്ധം പറ്റാന്‍ പാടില്ലായിരുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ അബദ്ധം പറ്റിയാണ് കത്ത് ലഭിച്ചതെങ്കിലും സൈനുദ്ദീൻ പട്ടാഴി സന്തോഷം പ്രകടിപ്പിച്ചു. വിരമിച്ചിട്ടില്ലെങ്കിലും ഇങ്ങനെയൊരു കത്ത് ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും കത്തയക്കാന്‍ കാട്ടിയ മുഖ്യമന്ത്രിയുടെ മനസിനോട് നന്ദി അറിയിക്കുന്നതായും സൈനുദ്ദീൻ പട്ടാഴി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

എല്ലാവര്‍ക്കും ആശംസ അറിയിക്കുന്ന പ്രകൃതക്കാരനല്ല മുഖ്യമന്ത്രിയെന്ന് ചൂണ്ടികാട്ടിയ അദ്ദേഹം തന്‍റെ സേവനത്തിനുള്ള അംഗീകാരമായാണ് പിണറായി വിജയന്‍റെ കത്തിനെ കാണുന്നത്. അതേസമയം കത്ത് വാര്‍ത്ത വിവാദമായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, കത്ത് വ്യാജമാണെന്നാണ് ആദ്യം പറഞ്ഞതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കത്തിന്‍റെ കവര്‍ അടക്കമുള്ള തെളിവുകള്‍ നിരത്തിയപ്പോള്‍ മലക്കം മറിഞ്ഞ് ടെക്നിക്കല്‍ പിഴവാണെന്നും അബദ്ധം പറ്റിയതാണെന്നും സമ്മതിച്ചെന്നും സൈനുദ്ദീൻ പട്ടാഴി വ്യക്തമാക്കി.

ഇന്നലെയാണ് സൈനുദ്ദീൻ പട്ടാഴിക്ക് വിശ്രമ ജീവിതത്തിന് ആശംസ നേര്‍ന്നുള്ള  മുഖ്യമന്ത്രിയുടെ കത്ത് കിട്ടിയത്. ഗവ. കോളജ് അധ്യാപക നിയമനത്തിന് അപേക്ഷിച്ചിരുന്ന ഡോ. സൈനുദ്ദീൻ പട്ടാഴി, തന്നേക്കാൾ കുറഞ്ഞ യോഗ്യതയുള്ളവരെ നിയമിച്ചുവെന്നാരോപിച്ചു സുപ്രീംകോടതി വരെ കേസ് നടത്തിയാണു സർക്കാർ കോളജ് നിയമനം നേടിയെടുത്തത്. കാര്യവട്ടത്ത് നിയമനം കിട്ടിയപ്പോഴാണ് എസ് എൻ കോളേജിൽ നിന്ന് മാറിയത്.

മുഖ്യമന്ത്രിയുടെ കത്ത് ഇങ്ങനെ

'താങ്കള്‍ സര്‍ക്കാര്‍ സേവനത്തില്‍ നിന്നു വിരമിച്ചു എന്നറിഞ്ഞു. ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയട്ടെ. സേവനകാലത്തു നല്ലതും മോശവുമായ കുറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം നല്ല അനുഭവങ്ങളാകും ഏറെയും എന്നു കരുതാം. പൊതുനന്മ ലക്ഷ്യമാക്കി സ്വീകരിച്ച നിയമപരവും മാനുഷികവുമായ ചില നടപടികളുടെ പേരില്‍ താങ്കള്‍ പഴി കേട്ടിട്ടുണ്ടാകാം. മേലുദ്യോഗസ്ഥരോ ജനങ്ങളില്‍ ആരെങ്കിലുമോ താങ്കളെ കുറ്റപ്പെടുത്തിയിട്ടുണ്ടാകാം, പ്രശംസിച്ചിട്ടുണ്ടാകാം. ഇതൊക്കെ ഒരു ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ഭാഗമായി കരുതണം.... വിരമിക്കല്‍ ഒരിക്കലും ഒരു അവസാനമല്ല, അതൊരു തുടക്കമാണ്. നമുക്കു ചുറ്റും കണ്ണോടിക്കൂ. ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്...'