തിരുവനന്തപുരം: ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളക്ക് എതിരെ ആത്മഹത്യ ചെയ്ത വ്യവസായി സാജന്‍റെ ഭാര്യ ബീന. ശ്യാമളയുടെ നിര്‍ദ്ദേശപ്രകാരം തന്നെയാണ് എല്ലാം നടന്നത്. പാര്‍ട്ടിയില്‍ ഇപ്പോഴും വിശ്വാസമുണ്ട്. പാര്‍ട്ടി നടപടി ഉറപ്പുനല്‍കിയിരുന്നു. ഇപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും ബീന പറഞ്ഞു. എന്നാല്‍ പി കെ ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണ് ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്തത്. വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥര്‍ക്കെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

നഗസരഭാ അധ്യക്ഷക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരമില്ല. വളരെ പരിമിതമായ അധികാരം മാത്രമാണ് നഗരസഭാ അധ്യക്ഷക്ക് ഉള്ളത്. അത്തരത്തില്‍ അധ്യക്ഷക്ക് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. അതേസമയം അന്വേഷണ സംഘം കണ്ടെത്തിയ സാജന്‍റെ ഡയറിയില്‍ കൺവെൻഷൻ സെന്‍റര്‍ അനുമതിയിലുണ്ടായ തടസങ്ങള്‍ പരാമർശിക്കുന്നുണ്ട്. സഹായിച്ചവരുൾപ്പടെയുള്ള നേതാക്കളുടെ പേരുകളുമുണ്ട് ഡയറിയില്‍.  കേസിൽ നിർണായക വഴിത്തിരിവാകുന്നതാണ് ഡയറിയും അതിലെ വിവരങ്ങളുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

വ്യക്തിപരമായി സാജൻ നേരിട്ട പ്രതിസന്ധികളും ഡയറിയിൽ പരാമർശിക്കുന്നണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാകും ഡയറി.  ഡറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണം മുന്നോട്ട് പോവുക. പി കെ ശ്യാമളയെ ചോദ്യം ചെയ്യുന്നതിലടക്കം തീരുമാനം പിന്നീടാകും.