ചെങ്ങന്നൂർ മണ്ഡലത്തിൽ 210 കോടി ചെലവിട്ട് നടപ്പിലാക്കുന്ന ചെങ്ങന്നൂർ ബൈപ്പാസിന്‍റെ ആദ്യഘട്ട ഭൂമി ഏറ്റെടുക്കൽ നടക്കുകയാണ്. ഇത് കഴിഞ്ഞാൽ അടുത്ത ഘട്ടം ആരംഭിക്കുമെന്ന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിരവധി വികസന പദ്ധതികള്‍ കൊണ്ടുവന്നുന്നും ഭാവിയിൽ ചെങ്ങന്നൂർ അറിയപ്പെടുക അന്താരാഷ്ട്ര നിലവാരത്തിലൊരുങ്ങുന്ന സ്റ്റേഡിയത്തിന്‍റെ പേരിലാകുമെന്നും മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂരിൽ അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിനായി കിഫ്ബി വഴി 80 കോടി രൂപയോളം ആദ്യ ഘട്ടത്തിൽ അനുവദിച്ചു. ചെങ്ങന്നൂരിൽ നല്ല ഒരു കായിക കേന്ദ്രം ഇല്ല. ഫുട്ബോൾ ഗ്രൌണ്ടും, സിന്തറ്റിക് ട്രാക്കും, പലിയനും അനുബന്ധ സൌകര്യങ്ങളും ഉണ്ടാകും. ഇൻഡോർ സ്റ്റേഡിയത്തിന്‍റെ പണിയും നടക്കുന്നുണ്ട്. ഒളിമ്പിക്സ് മാതൃകയിൽ നീന്തൽ കുളം, ആയിരം പേർക്ക് താമസിക്കാനുള്ള ഹോസ്റ്റൽ എന്നിവയും ചെങ്ങന്നൂരിൽ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ഭാവിയിൽ സ്റ്റേഡിയത്തിന്‍റെ പേരിലാകും അറിയപ്പെടുകയെന്ന് മന്ത്രി പറഞ്ഞു.
ഇടത് സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേയാണ് സജി ചെറിയാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചെങ്ങന്നൂർ മണ്ഡലത്തിൽ 210 കോടി ചെലവിട്ട് നടപ്പിലാക്കുന്ന ചെങ്ങന്നൂർ ബൈപ്പാസിന്‍റെ ആദ്യഘട്ട ഭൂമി ഏറ്റെടുക്കൽ നടക്കുകയാണ്. ഇത് കഴിഞ്ഞാൽ അടുത്ത ഘട്ടം ആരംഭിക്കും. എംസി റോഡിൽ ഏറ്റവും പ്രധാനപ്പെട്ട ജംഷനാണ് ചെങ്ങന്നൂർ. ഗതാഗത കുരുക്കുള്ളതിനാൽ ബൈപ്പാസ് അത്യാവശ്യമാണ്. മുൻ സർക്കാരുകളുടെ കാലത്ത് ചെങ്ങന്നൂർ ബൈപ്പാസ് എന്ന ആവശ്യത്തോട് അവഗണനയായിരുന്നു. 115 കോടി ചെലവിട്ട് ജില്ലാ ആശുപത്രിയിൽ വലിയ വികസനം നടപ്പാക്കി. ഇടിഞ്ഞ് പൊളിഞ്ഞ് താളെ വീഴാറായ ആശുപത്രിയായിരുന്നു. ഇന്ന് എല്ലാവിധ ആധുനിക സൌകര്യങ്ങളുമുള്ള ആശുപത്രിയായി മാറി. ജില്ലാ ആയുർവേദ ആശുപത്രി വാടക കെട്ടിടത്തിലായിരുന്നു. പുതിയ സ്ഥലത്ത് കെട്ടിടം പണി പൂർത്തിയായി.
കുടിവെള്ള പദ്ധതിക്കായി 244 കോടി നൽകി. എല്ലായിടക്കും കുടിവെള്ള കണക്ഷൻ ഉറപ്പാക്കി. നിരവധി വാട്ടർ ടാങ്കുകൾ പണി പൂർത്തിയാകുന്നുണ്ട്. ഇതോടെ ഒരു വർഷത്തിനുള്ളിൽ ചെങ്ങന്നൂരിലെ എല്ലാ വീടുകളിലും വെള്ളം ഉറപ്പുവരുത്താനാകും. ശബരിമല ഇടത്താവളത്തിന്‍റെ നിർമ്മാണവും തീരാറായി. 10.4 കോടി രൂപയാണ് ചെലവ്. ശബരിമലയിലേക്കുള്ള റോഡുകളെല്ലാം ഉന്നതനിലവാരത്തിൽ ടാർ ചെയ്ത് മനോഹരമാക്കി. ചെങ്ങന്നൂരിൽ ഷോപ്പംഗ് കോപ്ലക്സ് ഉൾപ്പടെ സിനിമ തിയറ്റർ വരുന്നു. ഇതിനായി 50 കോടി കിഫ്ബി വഴി നൽകി. പദ്ധതിക്ക് വേണ്ട സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ വികസനം
കേരളത്തിലെ ഹാർബറുകളുടെ നവീകരണം, പുതിയ ഹാർബറുകളുടെ നിർമ്മാണം, തീരദേശ മേഖലയിൽ സ്കൂളുകളുടെയും ആശുപത്രികളുടെയും നിർമ്മാണം, തീരദേശ ഹൈവ വികസനം തുടങ്ങി മത്സ്യത്തൊഴിലാളി മേഖലയുടെ അടിസ്ഥാന വികസനത്തിന് കിഫ്ബി ഫണ്ട് വളരെയധികം സഹായകരമായതായും മന്ത്രി പറഞ്ഞു. കിഫ്ബി മുഖാന്തിരം മത്സ്യത്തൊഴിലാളി മേഖലയിൽ നിരവധി പദ്ധതികൾ നടപ്പിലാക്കി. അതിൽ പ്രധാനം മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ് ആണ്. കിഫ്ബിയുടെ പണവും പ്ലാൻ പണ്ടും ഉപയോഗിച്ചാണ് ഫ്ലാറ്റുകൾ നിർമിച്ചത്. വലിയതുറയിലെ ഫ്ലാറ്റുകൾ അഭിമാന പദ്ധതിയാണ്. ഇന്ന് ഒരു മത്സ്യത്തൊഴിലാളികളും ഗോഡൌണുകളിൽ താമസിക്കേണ്ട സ്ഥിതിയില്ല. പുതിയ ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാകാറായി. ഭവന നിർമ്മാണ രംഗത്ത് വലിയ മാറ്റം കിഫ്ബി വഴി കൊണ്ടുവരാനായെന്നും മന്ത്രി പറഞ്ഞു.


