സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ ഇന്ന് ചേ‍ർന്ന കെപിസിസി നേതൃയോഗത്തിലും രൂക്ഷവിമർശനം ഉയ‍ർന്നിരുന്നു. 


തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗ് തടയുമെന്ന യൂത്ത് കോൺ​ഗ്രസ് പ്രഖ്യാപനത്തിനെതിരെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കോൺ​ഗ്രസ് നേതൃത്വം ഒരു കലാരൂപത്തോടും തൊഴിൽ മേഖലയോടും കലാപപ്രഖ്യാപനം നടത്തുകയാണെന്ന് സജി ചെറിയാൻ ആരോപിച്ചു. കോൺ​ഗ്രസ് നേതൃത്വത്തിന് നില തെറ്റിയ അവസ്ഥയാണെന്നും സിനിമാ കലാകാരൻമാരെ സ‍ർക്കാർ സംരക്ഷിക്കുമെന്നും സാംസ്കാരിക - സിനിമ മന്ത്രിയായ സജി ചെറിയാൻ പറഞ്ഞു.

സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ ഇന്ന് ചേ‍ർന്ന കെപിസിസി നേതൃയോഗത്തിലും രൂക്ഷവിമർശനം ഉയ‍ർന്നിരുന്നു. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടർത്തരുതെന്ന് നേതൃയോഗത്തിൽ പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു. സിനിമ സർഗാത്മക പ്രവർത്തനമാണെന്നും ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും സുധാകരൻ വിമർശിച്ചു. ഇക്കാര്യം യൂത്ത് കോൺഗ്രസിനെ അറിയിക്കാനും യോ​ഗം തീരുമാനിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഇന്ധനവില വ‍ർധനവിനെതിരെ കൊച്ചിയിൽ കോൺ​ഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനെതിരെ നടൻ ജോജു ജോർജ് പരസ്യപ്രതിഷേധം നടത്തിയതിനെ തുട‍ർന്നുള്ള പ്രശ്നങ്ങളാണ് പുതിയ വിവാദങ്ങളിലേക്ക് എത്തുന്നത്. ജോജുവിനെതിരെ ഇന്നും യൂത്ത് കോണ്ഗ്രസിൻ്റെ സമരപരിപാടി കൊച്ചിയിലുണ്ടായിരുന്നു. സ്റ്റാര്‍ എന്ന ജോജുവിന്റെ ചിത്രം പ്രദർശിപ്പിച്ച എറണാകുളം ഷേണായീസ് തീയേറ്ററിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജോജുവിന്‍റെ ചിത്രം പതിച്ച റീത്തുമായിട്ടായിരുന്നു പ്രകടനം. തീയേറ്ററിന് മുന്നില് റീത്ത് വെക്കുകയും ചെയ്തു

അതേസമയം ജോജുവിൻ്റെ കാർ തല്ലിത്തകര്‍ത്ത കേസിൽ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ ആറ് നേതാക്കളുടെ ജാമ്യേപക്ഷയിൽ മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. കാറിന്‍റെറെ ചില്ല് മാറ്റുന്നതിനുള്‍പ്പെടെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതികളുടെ അഭിഭാഷകൻ ഇന്ന് വാദിച്ചു. 

എന്നാല്‍ കാറിന്‍റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. ക്യാന്‍സര്‍ രോഗിക്ക് വേണ്ടിയാണ് താൻ ഹൈവേ ഉപരോധത്തെ എതിര്‍ത്തതെന്ന ജോജുവിൻ്റെ മൊഴി കള്ളമെന്ന് തെളിഞ്ഞതായി പൊലീസിന‍്റെ റിമാന്‍ഡ് റിപ്പോര്‍ട് ചൂണ്ടിക്കാട്ടി പ്രതികള്‍ വാദിച്ചു. സിനിമാ സംബന്ധമായ യാത്രക്കിടെ തന്‍റെ വാഹനം തടഞ്ഞപ്പോല്‍ ജോജു പ്രതിഷധിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടി.