സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും പൊലീസ് റിപ്പോർട്ട്

കോട്ടയം: മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസന്വേഷണം പൊലീസ് അവസാനിപ്പിച്ചു. ഇത് സംബന്ധിച്ച് തിരുവല്ല കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന് ജില്ലാ പ്ലീഡറുടെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. വേദിയിലുണ്ടായിരുന്നവരുടെ മൊഴികളും സജി ചെറിയാന് അനുകൂലമാണ്. പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ ബൈജു നോയൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയെ തുടർന്നാണ് മലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ കേസെടുക്കാൻ കീഴ്വായ്പൂർ പൊലീസിന് തിരുവല്ല കോടതി നിർദേശം നൽകിയത്. ആറ് മാസത്തെ അന്വേഷണത്തിനിടയിൽ പൊലീസ് സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ പൊലീസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ബൈജു നോയലിന്റെ തീരുമാനം. ഈ പ്രസംഗം വിവാദമായതോടെയാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്.

അതേസമയം സജി ചെറിയാന്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്നും ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി ബിജു പി ചെറുമകൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവൻ എന്നിവരാണ് ഹർജി നൽകിയത്. രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള ഇടപെടൽ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.