മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍,വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്.
തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച സജി ചെറിയാന്‍റെ വകുപ്പുകൾ വിഭജിച്ച് മന്ത്രിമാർക്ക് കൈമാറി. മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്. ഫിഷറീസ് വകുപ്പ് അബ്ദുറഹ്മാനും യുവജനകാര്യം മുഹമ്മദ് റിയാസിനും സിനിമ, സാംസ്‍കാരിക വകുപ്പുകള്‍ വി എന്‍ വാസവനുമാണ് നല്‍കിയത്. വകുപ്പു മാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണ്ണർ അംഗീകരിച്ചു.
സജി ചെറിയാൻ്റെ രാജി പാര്‍ട്ടി തീരുമാന പ്രകാരമെന്ന് കോടിയേരി
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് സജി ചെറിയാൻ നടത്തിയ പ്രസംഗം തെറ്റെന്ന് സിപിഎം. മന്ത്രിസ്ഥാനം രാജിവെക്കണമെന്നത് പാര്‍ട്ടി നിലപാടാണ്. തെറ്റ് പറ്റിയെന്ന് സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ സജി ചെറിയാൻ സമ്മതിച്ചിരുന്നെന്നും കോടിയേരി വ്യക്തമാക്കി.
മല്ലപ്പള്ളിയിൽ പാര്‍ട്ടി പരിപാടിയിലെ പ്രസംഗം വിവാദമായതിന് പിന്നാലെ നിയമസഭയിൽ നടത്തിയ പ്രസ്താവനയിലും രാജി പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തിലും പ്രസംഗം വളച്ചൊടിച്ചെന്നായിരുന്നു സജി ചെറിയാന്‍റെ നിലപാട്. തെറ്റ് പറ്റിയിട്ടില്ല, രാജി സ്വന്തം തീരുമാനമെന്നുമായിരുന്നു വിശദീകരണം. എന്നാൽ ഇത് മൂന്നും സിപിഎം തള്ളുകയാണ്. പ്രസംഗത്തിൽ തെറ്റുപറ്റിയെന്ന് പാര്‍ട്ടി വേദിയിൽ സജി ചെറിയാൻ സമ്മതിച്ചിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് രാജിയെന്ന് കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.
'വെറുതെ പറഞ്ഞാൽ പോരാ, തെളിവുണ്ടോ'; കരുണയ്ക്ക് നൽകിയ സ്വത്തിന്‍റെ തെളിവ് ചോദിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ സ്വത്ത് സംബന്ധിച്ച വിവാദം വീണ്ടും ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ്. സ്വത്ത് മുഴുവന്‍ ജനങ്ങള്‍ക്കായി നല്‍കിയ നേതാവാണെന്ന് ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷം സജി ചെറിയാന് വേണ്ടി പ്രതിരോധം തീര്‍ക്കുമ്പോഴാണ് കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക് നൽകിയ സ്വത്തിന്‍റെ തെളിവു ചോദിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്.
തന്‍റെ കാല ശേഷം തന്‍റെ വീടടക്കമുള്ള സ്വത്തുക്കൾ ചെങ്ങന്നൂർ ആസ്ഥാനമായ കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക് നൽകുമെന്ന് സജി ചെറിയാൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനം രാജിവച്ച ശേഷം സജി ചെറിയാന് പിന്തുണ അർപ്പിച്ച് സിപിഎം പ്രൊഫൈലുകളിൽ വന്ന കുറിപ്പുകളിലും ഈ കാര്യം ആവർത്തിച്ചിരുന്നു. എന്നാൽ സ്വത്തുക്കൾ കരുണ സൊസൈറ്റിക്ക് നൽകുമെന്ന് സജി ചെറിയാൻ പറയുന്നതല്ലാതെ ഇക്കാര്യം തെളിയിക്കാനുള്ള രേഖകൾ ഒന്നും അദ്ദേഹം പുറത്തു വിട്ടിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് വിമർശനം.
തന്‍റെ കാലശേഷം സ്വത്ത് കരുണ സൊസൈറ്റിക്ക് കൈമാറിക്കൊണ്ടുള്ള തീരുമാനം രേഖപ്പെടുത്തിയ വിൽപത്രത്തിന്‍റെ പകർപ്പെങ്കിലും പുറത്തു വിടണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്. നേരത്തെ മന്ത്രിയുടെ സ്വത്തിന്റെ കണക്കിലെ പൊരുത്തക്കേടുകൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബിനു വിജിലൻസിനും പരാതി നൽകിയിരുന്നു.
