Asianet News MalayalamAsianet News Malayalam

പഞ്ചായത്ത് പ്രസിഡന്റിനെതിരായ പദപ്രയോഗം; സജി ചെറിയാൻ വീണ്ടും വിവാദത്തിൽ, രാജി ആവശ്യപ്പെട്ട് ബിജെപി

പല തവണ ക്ഷണിച്ചിട്ടും എത്താതിരുന്നപ്പോള്‍ എം എൽ എ ശബ്ദം താഴ്ത്തി മോശം വാക്ക് ഉപയോഗിച്ചെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്

Saji Cherian verbal abuse on Panchayat President
Author
First Published Nov 8, 2022, 1:33 PM IST

ആലപ്പുഴ: സജി ചെറിയാൻ വീണ്ടും വിവാദക്കുരുക്കിൽ. ചെങ്ങന്നൂരില്‍  പാണ്ടനാട് വള്ളംകളിയുടെ സമാപന ചടങ്ങില്‍ സംസാരിക്കവേ വനിതാ പഞ്ചായത്ത്പ്രസിഡന്‍റിനെതിരെ മോശം പദപ്രയോഗം നടത്തിയെന്നാണ് പരാതി. സജി ചെറിയാന്റേതെന്ന പേരിൽ ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താനങ്ങനെ സംസാരിച്ചിട്ടില്ലെന്നും മോശം പദപ്രയോഗം വ്യാജമായി ഉണ്ടാക്കിയതാവാമെന്നുമാണ് സജി ചെറിയാന്‍റെ പ്രതികരണം.

ചാമ്പ്യൻസ് ലീഗിന്‍റെ ഭാഗമായാണ് പാണ്ടനാട് വള്ളംകളി മത്സരം നടന്നത്. വള്ളംകളിയുമായി ബന്ധപ്പെട്ട് സജി ചെറിയാന്‍റെ നേതൃത്വത്തില്‍ ചെങ്ങന്നൂർ പെരുമ എന്ന പേരില്‍  വിവിധ പരിപാടികൾ നടത്തിയിരുന്നു. ഇതില്‍ വിളംബര ഘോഷയാത്രയില്‍ ഒന്നാം സ്ഥാനം നേടിയത് ചെറിയനാട് പഞ്ചായത്താണ്. ഇതിനുള്ള സമ്മാനം സ്വീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റ്  പ്രസന്ന രമേശിനെ ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എയുമായുടെ വാക്കുകളാണ് വിവാദത്തിലായത്.

പല തവണ ക്ഷണിച്ചിട്ടും എത്താതിരുന്നപ്പോള്‍ എം എൽ എ ശബ്ദം താഴ്ത്തി മോശം വാക്ക് ഉപയോഗിച്ചെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ താൻ അങ്ങിനെ സംസാരിച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത് നിർമ്മിച്ച വ്യാജ റെക്കോർഡാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും സജി ചെറിയാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പട്ടികജാതി വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ  പരസ്യമായി അപമാനിച്ച സജി ചെറിയാന്‍ മാപ്പു പറയണം എന്ന് ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് എം വി ഗോപകുമാര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വനിത പഞ്ചായത്ത് പ്രസിഡൻ്റിനെ ജാതീയമായി അധിക്ഷേപിച്ച സജി ചെറിയാനെതിരെ സിപിഎം നടപടി എടുക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. പൊലീസ് കേസെടുക്കാനും തയ്യാറാകുന്നില്ല. സജി ചെറിയാൻ അടിയന്തിരമായി എം എൽ എ സ്ഥാനം രാജിവയ്ക്കണം.

Follow Us:
Download App:
  • android
  • ios