Asianet News MalayalamAsianet News Malayalam

'പ്രശ്‍നം വെള്ളക്കെട്ട്, ദേശീയപാത വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം വേണ്ട', ആരിഫിനെ തള്ളി സജി ചെറിയാന്‍

വെള്ളക്കെട്ടാണ് പ്രശ്നമെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണ്. ആരിഫിന് ഈ വിഷയത്തില്‍ പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. 

Saji Cheriyan against A M Ariff on national highway allegation
Author
Trivandrum, First Published Aug 15, 2021, 11:54 AM IST

തിരുവനന്തപുരം: അരൂർ-ചേർത്തല ദേശീയപാത ടാറിങ് വിവാദത്തിൽ  എ എം ആരിഫ് എംപിയെ തള്ളി മന്ത്രി സജി ചെറിയാന്‍. റോഡ് നിർമ്മാണത്തിലെ പരാതിയില്‍ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആരിഫ് ആവശ്യപ്പെട്ട വിഷയത്തിൽ വകുപ്പുതല അന്വേഷണം നടത്തിയതാണ്. വെള്ളക്കെട്ടാണ് പ്രശ്നമെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണ്. ആരിഫിന് ഈ വിഷയത്തില്‍ പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. 

പാർട്ടി ഘടകമായ ജില്ലാ കമ്മിറ്റിയിൽ പോലും ആലോചിക്കാതെയാണ് മന്ത്രി മുഹമ്മദ് റിയാസിന് എതിരെ ആരിഫ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്.  ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ആരിഫിൻ്റെ തന്നെ പരാതിയിൽ അരൂർ- ചേർത്തല പാതയിലെ അശാസ്ത്രീയത സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു. അന്നത്തെ അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വരികയും ചെയ്തിരുന്നു. നേരത്തെ അന്വേഷിച്ച് അവസാനിപ്പിച്ച ആരോപണം വീണ്ടും ഉയർത്തിയതും പാർട്ടിയോട് ആലോചിക്കാത്തതും ആരിഫിന് തിരിച്ചടിയായിരിക്കുകയാണ്. ഇക്കാര്യങ്ങളിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. 

ദേശീയപാത 66ൽ അരൂർ മുതൽ ചേർത്തല വരെ (23.6 KM) പുനർനിർമ്മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. 2019 ൽ 36 കോടി ചിലവഴിച്ച് ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു റോഡിന്‍റെ പുനർനിർമ്മാണം. കേന്ദ്ര ഫണ്ട് എങ്കിലും നിർമ്മാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന് ആയിരുന്നു. ജർമൻ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതായിരുന്നു. മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച റോഡിന് നിലവാരമില്ലെന്നും റോഡിൽ ഉടനീളം കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണ് ഇപ്പോഴെന്നുമാണ് എംപി കുറ്റപ്പെടുത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios