സിപിഎം യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നെന്ന വാർത്തകൾ മുൻ മന്ത്രി സജി ചെറിയാൻ തള്ളി. പിണറായി വിജയൻ മോശം ഭരണാധികാരിയല്ലെന്നും തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വർഗീയ വിഭജനം നടത്താൻ ബിജെപി ശ്രമിക്കുകയാണെന്നും ഇതിനായി മുസ്ലിം ലീഗിനെ കരുവാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവെന്ന വാർത്തകൾ തള്ളി മുൻ മന്ത്രി സജി ചെറിയാൻ. പിണറായി വിജയൻ മോശം ഭരണാധികാരിയാണെന്ന വാദം തെറ്റാണെന്നും, അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതിനെതിരെ പാർട്ടിയിൽ ആരും രംഗത്തുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ ഒരു മോശം ഭരണാധികാരിയല്ല. അക്കാര്യം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പോലും സമ്മതിച്ചിട്ടുള്ളതാണ്. ഭരണത്തിൽ പോരായ്മകൾ ഉണ്ടായിട്ടില്ലെങ്കിലും ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചിട്ടുണ്ടാകാം. തോൽവി കൂട്ടായ ഉത്തരവാദിത്തമായി കണ്ട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

പാർട്ടി സഖാക്കളെല്ലാം ആവേശത്തിലാണ്. കുറവുകൾ പരിഹരിച്ച് ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ വർഗീയ വിഭജനം നടത്താൻ ബിജെപി മുൻകൂട്ടി നിശ്ചയിച്ച അജണ്ടയുമായി നീങ്ങുകയാണ്. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ അവർ ആസൂത്രിതമായി ശ്രമിക്കുന്നു. ഇതിനായി മുസ്ലിം ലീഗിനെ കരുവാക്കാനാണ് ബിജെപിയുടെ ശ്രമം. മുഖ്യമന്ത്രിയെ തീരുമാനിച്ചത് ലീഗിൻ്റെ സമ്മർദ്ദം മൂലമാണെന്ന വാദം ശരിയല്ല. മുസ്ലിം ലീഗിന് അവരുടേതായ താൽപ്പര്യങ്ങൾ കാണും. എന്നാൽ ലീഗിൻ്റെ സഹായമില്ലാതെ തന്നെ കോൺഗ്രസിന് ഭരിക്കാൻ സാധിക്കും. എന്തുകൊണ്ടാണ് ലീഗിൻ്റെ മാത്രം സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും സജി ചെറിയാൻ ചോദിച്ചു.

മതമൗലികവാദികൾ ലീഗിലും ബിജെപിയിലുമുണ്ടെന്നും അദ്ദേഹം വിമർശിച്ചു. സമുദായ നേതാക്കളെ ആക്ഷേപിച്ചുകൊണ്ടുള്ള യൂത്ത് ലീഗിൻ്റെ പ്രകടനം അംഗീകരിക്കാനാവില്ല. അത്തരം മുദ്രാവാക്യങ്ങൾ വിളിച്ചവർക്കെതിരെ നടപടിയെടുത്തത് നല്ല കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിൻ്റെ മതനിരപേക്ഷത തകർക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കുമെന്നും രാഷ്ട്രീയമായ തിരിച്ചടികളെ ഗൗരവത്തോടെ കണ്ട് തിരുത്തലുകൾ വരുത്തുമെന്നുമാണ് സജി ചെറിയാൻ പറയുന്നത്.