Asianet News MalayalamAsianet News Malayalam

നിയമവിരുദ്ധ മത്സ്യബന്ധനം; കര്‍ശന നടപടിയെന്ന് സജി ചെറിയാന്‍, തീരദേശത്ത് മറൈന്‍ ആംബുലന്‍സ് പരിഗണനയില്‍

മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. 

Saji Cheriyan says strict actions against illegal fishing
Author
Trivandrum, First Published Oct 29, 2021, 10:10 AM IST

തിരുവനന്തപുരം: നിയമവിരുദ്ധ മത്സ്യബന്ധം തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ (Saji Cheriyan). നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തീരദേശത്ത് മറൈന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. 109 ആംബുലന്‍സ് മാതൃകയില്‍ ഏര്‍പ്പെടുത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു. മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയും. മത്സ്യകൃഷിക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. മത്സ്യവിഭവങ്ങള്‍ ഉൾപ്പെടുത്തി റസ്‍റ്ററൻറ് വിഴിഞ്ഞത്ത് ഉടൻ തുടങ്ങുമെന്നും ആറ് മാസത്തിനകം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. ഇന്ന് ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരത്ത് കൂടുതൽ മഴ പെയ്തേക്കും. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും  സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

നിലവിൽ ശ്രീലങ്കൻ തീരത്തുള്ള ന്യൂനമർദ്ദം ശക്തിപ്രാപിച്ച് വരും മണിക്കൂറുകളിൽ തെക്കൻ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഭൂമധ്യരേഖയ്ക്ക് സമീപത്ത് കൂടി കടന്നുപോകുന്നതിനാൽ ന്യൂനമർദ്ദത്തിന് അപ്രതീക്ഷിതമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഒപ്പം അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതും മഴ കനക്കാൻ കാരണമാകും. ഐഎംഡി ഓറഞ്ച്  അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും സ്വകാര്യ കാലാവസ്ഥ ഏജൻസികളുടെ പ്രവചനങ്ങൾ കൂടി കണക്കിലെടുത്ത് സംസ്ഥാനം മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios