പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിലാണ് ആർ.ബാലകൃഷ്ണപ്പിള്ളയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തോടെ വാർത്തകളിൽ നിറയുകയാണ് ആർ.ബാലകൃഷ്ണപ്പിള്ളയുടെ 'പഞ്ചാബ് മോഡൽ പ്രസംഗം'. പിള്ള രാജി വച്ചത് പൊലെ സജി ചെറിയാൻ രാജി വയ്ക്കേണ്ടി വരും എന്നാണ് പ്രതിപക്ഷ നേതാക്കളും പറയുന്നത്. എന്താണ് 'പഞ്ചാബ് മോഡൽ പ്രസംഗം'.
പൊതുസമ്മേളന വേദിയിലെ തീപ്പൊരി പ്രസംഗം അതിരുവിട്ടപ്പോൾ അതിന്റെ പേരിൽ മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നു ആര്‍.ബാലകൃഷ്ണപ്പിള്ളക്ക്. 'പഞ്ചാബ് മോഡൽ പ്രസംഗം' എന്ന പേരിലാണ് ആ വിവാദം പിൽക്കാലത്ത് അറിയപ്പെട്ടത്. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെയായിരുന്നു പിള്ളയുടെ കൈവിട്ട പ്രസംഗം.
കേരള കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിലായിരുന്നു ബാലകൃഷ്ണപ്പിള്ള കത്തിക്കയറിയത്. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയത് പരാമർശിച്ചായിരുന്നു പ്രസംഗം. കേരളത്തിന് അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരുമുള്ള യുവാക്കൾ രംഗത്തിറങ്ങണം- ഇതായിരുന്നു പിള്ളയുടെ വാക്കുകൾ. എറണാകുളം രാജേന്ദ്ര മൈതാനിയിലാണ് പിള്ള കത്തിക്കയറിയത്. പഞ്ചാബിൽ വിഘടനവാദം കത്തിനിൽക്കുന്ന കാലഘട്ടമായിരുന്നു അത്. പഞ്ചാബികളെ തൃപ്തിപ്പെടുത്താനാണ് കോച്ച് ഫാക്ടറി രാജീവ് ഗാന്ധി പഞ്ചാബിലേക്ക് തിരിച്ചുവിട്ടതെന്ന ആരോപണവും ആ കാലത്ത് സജീവമായിരുന്നു
പത്രങ്ങളിൽ പ്രസംഗം അച്ചടിച്ച് വന്നതോടെ വിവാദം കത്തിക്കയറി. കലാപ ആഹ്വാനമെന്ന വാദത്തെ പിള്ള തള്ളിപ്പറഞ്ഞെങ്കിലും, അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ജി.കാർത്തികേയൻ, പിള്ളയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജി വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. പിന്നാലെ, ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി ഹൈക്കോടതിയിൽ എത്തി. ബാലകൃഷ്ണപ്പിള്ളയ്ക്ക് രാജി വക്കേണ്ടി വന്നു.
ഭരണഘടനയെ തള്ളിപ്പറഞ്ഞ് ഇപ്പോൾ സജി ചെറിയാൻ നടത്തിയ പ്രസംഗത്തെ, പിള്ളയുടെ ഈ പ്രസംഗവുമായാണ് താരതമ്യപ്പെടുത്തുന്നത്. വാർത്താ മാധ്യമങ്ങൾ ഇത്രയൊന്നും സജീവമല്ലാതിരുന്ന കാലത്ത് പ്രസംഗം പിള്ളയുടെ രാജിയിൽ കലാശിച്ചെങ്കിൽ ഇന്ന് അത് എങ്ങനെ അവസാനിക്കുമെന്നത് കാത്തിരുന്ന് തന്നെ അറിയണം.
