കോഴിക്കോട്: കസറ്റഡി മരണക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനുള്ള പിന്തുണയ്ക്ക് കേരളത്തിനോടും മലയാളികളോടും നന്ദി പറഞ്ഞ്  ഭാര്യ ശ്വേത ഭട്ട്. ഞാന്‍ കേരളത്തിലേക്ക് വന്നിരിക്കുന്നത് ഇവിടെയുള്ള ഓരോരുത്തരോടും പ്രത്യേകം നന്ദി പറയാനാണ്. കേരളത്തിലെ ജനങ്ങളുടെ പിന്തുണയും സ്നേഹവും അമ്പരപ്പിക്കുന്നു- ശ്വേത പറഞ്ഞു. 

സഞ്ജീവ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലിഗ് സംഘടിപ്പിച്ച അംബ്രല്ല മാര്‍ച്ചില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തിയപ്പോഴാണ് അവര്‍ മലയാളികളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞത്. 'ഓരോ പത്ത് മിനിറ്റിനിടയിലും കേരളത്തില്‍ നിന്ന് ആരെങ്കിലും ഫോണില്‍ വിളിക്കും. ശ്വേതാജി അല്ലേ, സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്, എല്ലാ പിന്തുണയുമുണ്ടെന്ന് ആശ്വസിപ്പിക്കും. നല്ല മനസിന് എല്ലാവര്‍ക്കും നന്ദി', കൈ കൂപ്പി ശ്വേത പറഞ്ഞു. 

യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി കെ ഫിറോസ് തുടങ്ങിയവരും നിരവധി പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ ശ്വേതയെ സ്വീകരിക്കാനെത്തിയിരുന്നു.