തിരുവനന്തപുരം: ശാഖാകുമാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കൾ വേണമെന്ന് ശാഖാ കുമാരി ആവശ്യപ്പെട്ടിരുന്നതാണ് തർക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ശാഖാകുമാരിയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് അരുൺ പൊലീസിനോട് പറഞ്ഞു.

വെള്ളറട പൊലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് അരുണ്‍ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതമെന്നാണ് കണ്ടെത്തൽ. ശാഖാ കുമാരി പുലർച്ചെ വീട്ടിനു പുറത്തേക്കിറങ്ങുമ്പോൾ വൈദ്യുതാഘാതമേൽക്കാനായി വയർ വലിച്ചിട്ടിരുന്നുവെന്നായിരുന്നു ആദ്യം അരുൺ നൽകിയ മൊഴി. എന്നാൽ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കറണ്ടടിപ്പിച്ചുവെന്ന് പിന്നീട് മൊഴി നൽകി.

കഴിഞ്ഞ ദിവസമാണ് കാരക്കോണത്തുള്ള വീടിന്റെ ഹാളില്‍ ശാഖാ കുമാരി മരിച്ച് കിടക്കുന്ന വിവരം അരുണ്‍ നാട്ടുകാരെ അറിയിച്ചത്. ക്രിസ്മസ് ട്രീയിൽ ദീപാലങ്കാരത്തിനായി വാങ്ങിയ വയറിൽ നിന്നും ഷോക്കേറ്റുവെന്നായിരുന്നു അരുണ്‍ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. പരിശോധനയിൽ മുറിക്കുള്ളിൽ നിന്ന് രക്തക്കറയും ബലപ്രയോഗം നടന്നുവെന്ന വ്യക്തമായ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശാഖയുടെ സ്വത്തു തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭർത്താവ് അരുണിന്‍റെ സ്വഭാവം ശരിയല്ല, പണത്തിന് വേണ്ടിയാണ് അരുൺ വിവാഹം കഴിക്കുന്നതെന്ന് വിവാഹത്തിന്‍റെ തലേന്ന് വരെ ശാഖാ കുമാരിയോട് മുന്നറിയിപ്പ് നൽകിയതാണെന്ന് സഹോദര ഭാര്യ ഗ്രേസി മാധ്യമങ്ങളോട് പറഞ്ഞു. 51-കാരിയായ ശാഖയുടെ അമ്മ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് 26-കാരനായ അരുണിനെ പരിചയപ്പെടുന്നത്. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. അന്നു മുതൽ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിച്ചിരുവെങ്കിലും ശാഖാ തടസ്സം നിന്നുവെന്നാണ് അരുണ്‍ പൊലീസിനോട് പറഞ്ഞത്. വിവാഹ ഫോട്ടോ അടുത്തിടെ ശാഖ പുറത്തു വിട്ടതും അരുണിനെ പ്രകോപിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.