ഭർത്താവ് അരുണിന്‍റെ സ്വഭാവം ശരിയല്ല, പണത്തിന് വേണ്ടിയാണ് അരുൺ വിവാഹം കഴിക്കുന്നതെന്ന് വിവാഹത്തിന്‍റെ തലേന്ന് വരെ ശാഖാ കുമാരിയോട് മുന്നറിയിപ്പ് നൽകിയതാണെന്നാണ് സഹോദരഭാര്യ ഗ്രേസി മാധ്യമങ്ങളോട് പറഞ്ഞത്.

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം ശാഖാകുമാരി കൊലപാതകത്തിൽ ദുരൂഹതയേറുന്നു. വൈദ്യുതാഘാത മേൽപ്പിക്കുന്നതിന് മുമ്പ് ശാഖയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ ഇതേവരെയുള്ള അന്വേഷണത്തിലെ നിഗമനം. കസ്റ്റഡിയിലുള്ള ഭർത്താവ് അരുണ്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് നൽകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വെള്ളറട പൊലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് അരുണ്‍ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതമെന്നാണ് കണ്ടെത്തൽ. ശിഖ പുലർച്ചെ വീട്ടിനു പുറത്തേക്കിറങ്ങുമ്പോൾ വൈദ്യുതാഘാതമേൽക്കാനായി വയർ വലിച്ചിട്ടിരുന്നുവെന്നായിരുന്നു ആദ്യം അരുൺ നൽകിയ മൊഴി. 

എന്നാൽ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കറണ്ടടിപ്പിച്ചുവെന്നാണ് ഇന്ന് നൽകിയ മൊഴി. പരസ്പരം വിരുദ്ധമായ മൊഴി നൽകുന്നതിനാൽ പോസ്റ്റുമോർട്ടവും ശാസ്ത്രീയപരിശോധനാഫലം വന്നതിന് ശേഷമേ കൊലപാതകത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കൂവെന്ന് പൊലീസ് പറയുന്നു. 

ഇന്നലെ രാവിലെ ആറു മണിക്കാണ് കാരക്കോണത്തുള്ള വീട്ടിന്‍റെ ഹാളില്‍ ശാഖാ കുമാരി മരിച്ച കിടക്കുന്ന വിവരം അരുണ്‍ നാട്ടുകാരെ അറിയിക്കുന്നത്. ക്രിസ്മസ് ട്രീയിൽ ദീപാലങ്കാരത്തിനായി വാങ്ങിയ വയറിൽ നിന്നും ഷോക്കേറ്റുവെന്നായിരുന്നു അരുണ്‍ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. 

മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. ഇന്ന് കൊലപാതകം നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ നിന്ന് രക്തക്കറയും ബലപ്രയോഗം നടന്നുവെന്ന വ്യക്തമായ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശാഖയുടെ സ്വത്തു തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭർത്താവ് അരുണിന്‍റെ സ്വഭാവം ശരിയല്ല, പണത്തിന് വേണ്ടിയാണ് അരുൺ വിവാഹം കഴിക്കുന്നതെന്ന് വിവാഹത്തിന്‍റെ തലേന്ന് വരെ ശാഖാ കുമാരിയോട് മുന്നറിയിപ്പ് നൽകിയതാണെന്നാണ് സഹോദരഭാര്യ ഗ്രേസി മാധ്യമങ്ങളോട് പറഞ്ഞത്.

51-കാരിയായ ശാഖയുടെ അമ്മ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴയുമ്പോഴാണ് 26-കാരനായ അരുണിനെ പരിചയപ്പെടുന്നത്. രണ്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. അന്നു മുതൽ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിച്ചിരുവെങ്കിലും ശാഖ തടസ്സം നിന്നുവെന്നാണ് അരുണ്‍ പൊലീസിനോട് പറഞ്ഞത്. വിവാഹഫോട്ടോ അടുത്തിനിടെ ശാഖ പുറത്തുവിട്ടതും അരുണിനെ പ്രകോപിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.