വിശ്വാസികള്‍ക്കിടയിലെ നവോത്ഥാന മുന്നേറ്റം ലക്ഷ്യമാക്കിയാണ് സമസ്ത രൂപീകരിക്കുന്നത്.1925ല്‍ കോഴിക്കോട് കുറ്റിച്ചിറ ജുമാ മസ്ജിദില്‍ സുന്നിവിഭാഗക്കാരായ പണ്ഡിതരുടെ സംഗമത്തില്‍ നിന്നാണ് സമസ്തയുടെ തുടക്കം

കോഴിക്കോട്: സമസ്ത കേരളാ ജം ഇയ്യത്തുല്‍ ഉലമ രൂപീകൃതമായിട്ട് ഇന്ന് നൂറു വര്‍ഷം തികയുന്നു. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഇരു വിഭാഗം സമസ്തകളും ഒരുക്കിയിട്ടുളളത്. രണ്ടായി പിളര്‍ന്നെങ്കിലും കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ ശക്തമായ സ്വാധീനമായി തുടരുകയാണ് ഇകെ-എപി വിഭാഗം സമസ്തകള്‍.

വിശ്വാസികള്‍ക്കിടയിലെ നവോത്ഥാന മുന്നേറ്റം ലക്ഷ്യമാക്കിയാണ് സമസ്ത രൂപീകരിക്കുന്നത്. പിന്നീട് കാറും കോളും നിറഞ്ഞ നിരവധി ഘട്ടങ്ങള്‍ പിന്നിട്ട് സമുദായത്തിനിടിയിലെ വടവൃക്ഷമായി പരിണമിച്ചതാണ് സമസ്ത കേരളാ ജം ഇയ്യത്തുല്‍ ഉലമയുടെ ചരിത്രം. 1925ല്‍ കോഴിക്കോട് കുറ്റിച്ചിറ ജുമാ മസ്ജിദില്‍ സുന്നിവിഭാഗക്കാരായ പണ്ഡിതരുടെ സംഗമത്തില്‍ നിന്നാണ് സമസ്തയുടെ തുടക്കം. വിശ്വാസധാരയിലെ നവീനാശയക്കാരെ പ്രതിരോധിക്കുകയായിരുന്നു പ്രധാന ദൗത്യം. ഇതിനായി കോഴിക്കോട്ട് ഒരു പണ്ഡിത സമ്മേളനം സംഘടിപ്പിക്കാന്‍ അഡ്ഹോക്ക് കമ്മിറ്റിക്കും രൂപം നല്‍കി.

1926ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ അങ്ങനെ പുതിയ ചരിത്രം പിറന്നു. കോഴിക്കോട് ഖാസി ഹാശിം ചെറു കുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സമസ്ത കേരളാ ജം ഇയ്യത്തുല്‍ ഉലമ എന്ന പ്രസ്ഥാനം രൂപം കൊണ്ടു. മതപരമായ കാര്യങ്ങള്‍ക്കു പുറമേ , അനാഥരുടെ സംരക്ഷണവും സാമൂഹിക ക്ഷേമവുമെല്ലാം പ്രവര്‍ത്തനമേഖലകളായി മാറി. പിന്നാല വിവിധ പോഷക സംഘടനകളും പിറവിയെടുത്തു.

വിശ്വാസ ധാരയിലും കര്‍മശാസ്ത്രയിലുമെല്ലാം വ്യത്യസ്ഥത പുലര്‍ത്തിയിരുന്ന മുജാഹിജുകളോടും ജമാ അത്തെ ഇസ്ലാമിയോടുമെല്ലാം വിട്ടുവീഴ്ചയില്ലാത്ത ആശയപ്പോരാട്ടമായിരുന്നു ഏറ്റവും പ്രധാനം. അതേസമയം, സമുദായവുമായി ബന്ധപ്പെട്ട പൊതു വിഷയങ്ങളില്‍ മുസ്ലീം സംഘടനകളുടെ യോജിച്ച മുന്നേറ്റം വേണമെന്ന ആവശ്യത്തോട് മുഖം തിരിച്ചതുമില്ല. ഇത്തരം കൂട്ടായ്കള്‍ക്ക് സമസ്ത തന്നെ മുന്‍കൈയെടുത്തു. സുന്നികളോട് ആശയപരമായി വിയോജിക്കുന്നവരുമായി അനുരഞ്ജനം പാടില്ലെന്ന നിലപാട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്വീകരിച്ചതായിരുന്നു മറ്റൊരു വഴിത്തിരിവ്.

തര്‍ക്കങ്ങളെത്തുടര്‍ന്ന് 1989ല്‍ കാന്തപുരം വിഭാഗം സമസ്തയോട് വിട പറഞ്ഞു. അങ്ങനെ ഇകെ വിഭാഗം കാന്തപുരം വിഭാഗം എന്നിങ്ങനെ സമസ്ത ഇരു ചേരികളിലായി. ഇടത് ചേര്‍ന്ന് കാന്തപുരം നീങ്ങിയപ്പോള്‍ ലീഗിനൊപ്പമായിരുന്നു ഇകെ വിഭാഗം സമസ്തയുടെ പ്രയാണം. ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി എത്തിയതിനുശേഷം ലീഗ് സ്വാധീനത്തില്‍ നിന്നും പുറത്ത് കടക്കാനുള്ള ശ്രമങ്ങള്‍ ഇ കെ വിഭാഗത്തിനുളളില്‍ സൃഷ്ടിച്ച അലയൊലികല്‍ കെട്ടടങ്ങിയിട്ടില്ല. ഇതിനെല്ലാമിടയിലും സുന്നി ഐക്യത്തിനുളള ശ്രമം തുടരുന്നതായി ഇരു വിഭാഗം സമസ്തകളും ആവര്‍ത്തിക്കുന്നുമുണ്ട്.

YouTube video player