സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിന് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും സമസ്തയെ താറടിച്ചു കാണിക്കാണ് ചിലരുടെ നീക്കമെന്നും അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു
മലപ്പുറം: സി ഐ സി സംവിധാനത്തിനെതിരെയും ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ച് മലപ്പുറത്ത് സമസ്തയുടെ വിശദീകരണ യോഗം. സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിന് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയെ താറടിച്ചു കാണിക്കാണ് ചിലരുടെ നീക്കം. സമസ്തയുടെ തണലിൽ വളർന്ന വിദ്യാഭ്യാസ സംവിധാനങ്ങൾ സമസ്തയെ അനുസരിക്കണം. അല്ലാത്തവരുമായി ഒരു ബന്ധവുമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
വിവാഹം കഴിച്ചതിന്‍റെ പേരിൽ സി ഐ സിയിൽ പഠിക്കുന്ന വിദ്യാർഥിനികളെ പുറത്താക്കരുതെന്നാണ് സമസ്തയുടെ നിലപാടെന്നും ഹക്കീം ഫൈസിയെ പുറത്താക്കിയത് തുടർച്ചയായി സമസ്തക്കെതിരെ പ്രവർത്തിച്ചതു കൊണ്ടാണെന്നും വിദ്യാഭ്യാസ ബോർഡ് അധ്യക്ഷൻ എം ടി അബ്ദുള്ള മുസ്ലിയാർ വിശദീകരിച്ചു. മുശാവറ അംഗങ്ങൾക്കൊപ്പം സമസ്തയുടെ പോഷകസംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

അതേസമയം സി ഐ സിയിൽ നിന്ന് ഹക്കീം ഫൈസി ആദൃശ്ശേരിയുടെ രാജി ആവശ്യപ്പെട്ടതടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സമസ്ത കേരള ജംഇംയ്യത്തുൽ ഉലമ വിശദീകരണ യോഗം നടത്തിയത്. സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ, മതവിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ല്യാർ അടക്കമുള്ള മുശാവറ അംഗങ്ങളാണ് ഇന്ന് മലപ്പുറത്ത് നടന്ന വിശദീകരണ യോഗത്തിൽ പങ്കെടുത്തത്. രാവിലെ പത്തു മണിക്കാണ് യോഗം തുടങ്ങിയത്. ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരായ ഇത് വരെയുള്ള നടപടികളും , സി ഐ സി കോളേജുകളുടെ നടത്തിപ്പും യോഗത്തിൽ വിശദീകരിച്ചു. സി ഐ സിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തുടർ തീരുമാനങ്ങൾ സാദിഖലി ശിഹാബ് തങ്ങളെ ഏൽപ്പിച്ചതായി നേരത്തെ സമസ്ത നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ സി ഐ സി യിൽ നിന്ന് രാജിവെച്ചവർ അവരവരുടെ ചുമതലകളിൽ തുടരണണമെന്ന് സി ഐ സി പ്രസിഡന്‍റായ സാദിഖലി തങ്ങൾ കത്ത് നൽകിയത് വിവാദമായിരുന്നു.
