സലാമിന്റെ പ്രസ്താവന അറിവില്ലായ്മ കൊണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സമസ്തയുമായി തർക്കം തീർക്കാൻ ലീഗ് ശ്രമം
ഹമീദലി തങ്ങളെ സലാം ഫോണില്‍ ബന്ധപ്പെട്ട പി എം എ സലാം, എസ് കെ എസ് എസ് എഫ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടെന്ന് തങ്ങളോട് വിശദീകരിച്ചു

മലപ്പുറം: സമസ്തയുമായുള്ള തർക്കത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എ സലാമിനെ തിരുത്തി പി കെ കുഞ്ഞാലിക്കുട്ടി. എസ് കെ എസ് എസ് എഫിന്റെ പ്രസിഡന്റിനെതിരെ പി എം എ സലാമിന്റെ പ്രസ്താവന അറിവില്ലായ്മ കൊണ്ടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്ത ലീഗ് തർക്കത്തിൽ ഇനി പ്രസ്താവന വേണ്ടെന്ന് ലീഗ് നേതാക്കൾക്ക് കർശന നിർദേശം നൽകി. ഇനി പ്രസ്താവന നടത്തരുതെന്ന് പി എം എ സലാമിനോട് ആവശ്യപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തയുമായുള്ള തർക്കം അതിരൂക്ഷമായതോടെയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ.
അതിനിടെ എസ് കെ എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ ഹമീദലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ അനുനയത്തിന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ശ്രമം തുടങ്ങി. ഹമീദലി തങ്ങളെ സലാം ഫോണില്‍ ബന്ധപ്പെട്ട പി എം എ സലാം, എസ് കെ എസ് എസ് എഫ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടെന്ന് തങ്ങളോട് വിശദീകരിച്ചു. വാര്‍ത്ത വളച്ചൊടിച്ചാണ് പ്രചരിക്കപ്പെട്ടതെന്നും സലാം തങ്ങളോട് പറഞ്ഞു.
എന്നാല്‍ സലാമിന്‍റെ വിശദീകരണത്തില്‍ ഹമീദലി തങ്ങള്‍ തൃപ്തനല്ലെന്നാണ് സൂചന. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ എസ് കെ എസ് എസ് എഫിന്‍റെ ഇപ്പോഴത്തെ അധ്യക്ഷനെ ആര്‍ക്കെങ്കിലും അറിയുമോയെന്ന സലാമിന്‍റെ പരാമര്‍ശമാണ് വിവാദമായത്. പാണക്കാട് കുടുംബാംഗത്തിനെതിരെ നടത്തിയ പരാമര്‍ശം മുസ്ലിം ലീഗ് നേതാക്കളേയും ചൊടിപ്പിച്ചു. ഇതോടെയാണ് അനുനയ നീക്കവുമായി സലാം നേരിട്ടിറങ്ങിയത്..