Asianet News MalayalamAsianet News Malayalam

'ഷോകേസില്‍ ഇരുന്ന ഗണ്‍,ആരെയും അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല', കേസെടുത്തതില്‍ വിഷമമെന്ന് സമീര്‍

ഷോ കേസില്‍ വെച്ചിരുന്ന എയര്‍ഗണ്ണാണിതെന്നും ഉന്നം തെറ്റാതെ വെടിവെക്കാന്‍ അറിയില്ലെന്നും സമീര്‍ പറഞ്ഞു.

sameer who held air gun says it is sad that a case is registered
Author
First Published Sep 17, 2022, 10:04 AM IST

കാസര്‍കോട്: തെരുവുനായപ്പേടിയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത സംഭവത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ വിഷമമുണ്ടെന്ന് സമീര്‍. എയര്‍ഗണ്ണുകൊണ്ട് വെടിവെച്ചാല്‍ നായ ചാകില്ല. ആരെയും അപായപ്പെടത്താന്‍ ശ്രമിച്ചിട്ടില്ല. വീട്ടിലെ ഷോകേസില്‍ വെച്ചിരുന്ന എയര്‍ഗണ്ണാണിതെന്നും ഉന്നം തെറ്റാതെ വെടിവെക്കാന്‍ അറിയില്ലെന്നും സമീര്‍ പറഞ്ഞു. തന്‍റെ കുട്ടിയെ സംരക്ഷിക്കേണ്ടത് തന്‍റെ കടമയാണ്. അതുമാത്രമാണ് ചെയ്തതെന്നും കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീര്‍ പറഞ്ഞു. 

ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കൽ പൊലീസ് സമീറിനെതിരെ കേസെടുത്തത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച്‌ കൊല്ലുമെന്ന് സമീർ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ പറയുന്നുണ്ട്. ഇതാണ് ലഹള ഉണ്ടാകാൻ ഇടയുള്ള പ്രവർത്തിയായി പൊലീസ് വിലയിരുത്തിയത്. കൂടുതൽ പരിശോധനയ്ക്ക് ശേഷം മറ്റ് വകുപ്പുകൾ ചേർക്കണോ എന്നതും പൊലീസ് തീരുമാനിക്കും. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി സംരക്ഷണമൊരുക്കി കുട്ടികൾക്ക് മുന്നിൽ നടന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ബേക്കൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 

തന്‍റെ മകൾ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാൻ മടിച്ചപ്പോഴാണ് താൻ എയർഗണ്ണുമായി കുട്ടികൾക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീർ ഏഷ്യാനെറ്റ് ന്യൂസിനോട് ഇന്നലെ പറഞ്ഞത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടി വെച്ച്‌ കൊല്ലുമെന്നും സമീർ വീഡിയോയില്‍ പറയുന്നുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എയർഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നുമാണ് ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ സമീർ പറഞ്ഞത്. പ്രദേശത്ത് കഴിഞ്ഞ ദിവസം മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസുകാരനെ നായ കടിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios