പ്രണയ വിവാഹമായിരുന്നെങ്കിലും രണ്ട് കുട്ടികളായ ശേഷം ഇരുവരും വേർപിരി‌ഞ്ഞാണ് ജീവിച്ചിരുന്നത്. ആരതി ജോലിയ്ക്ക് പോകുമ്പോൾ സാംജി ചന്ദ്രൻ പതിവായി പിന്തുടർന്ന് ഉപദ്രവിച്ചിരുന്നു.

ചേർത്തല: ഭർത്താവ് ഭാര്യയെ വഴിയിൽ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതിന് കാരണം കുടുംബവഴക്ക്. ഇന്ന് രാവിലെ ഒൻപത് മണിയോടെ നടന്ന സംഭവത്തില്‍ പൊള്ളലേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. വെട്ടയ്ക്കൽ വലിയവീട്ടിൽ പ്രദീപ് - ബാലാമണി ദമ്പതികളുടെ മകൾ ആരതി (30) ആണ് മരിച്ചത്. ഭർത്താവ് കടക്കരപള്ളി 13-ാം വാർഡിൽ കുടിയാം ശേരിയിൽ സാംജി ചന്ദ്രനും പൊള്ളലേറ്റങ്കിലും സാരമുള്ളതല്ലെന്നാണ് വിവരം. 

Add Asianetnews as a Preferred SourcegooglePreferred

ചേർത്തല താലൂക്കാശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം. പൊലീസ് പറയുന്നതിങ്ങനെ: ആരതിയുടെ പേരിലുള്ള സ്ഥലം വിറ്റ് കിട്ടണമെന്നാവശ്യപ്പെട്ട് ഇയാൾ ആരതിയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. രണ്ട് കുട്ടികളായ ശേഷം ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ആരതി ജോലിയ്ക്ക് പോകുമ്പോൾ പുറകെ പോകുകയും പലപ്പോഴും വഴക്കിടുകയും ചെയ്യുന്ന പതിവും സാംജി ചന്ദ്രനുണ്ടായിരുന്നു. 

രണ്ട് മാസമായി ആരതി ജോലിചെയ്യുന്ന ചേർത്തലയിലെ ധനകാര്യ സ്ഥാപനത്തിലെത്തി ശല്യം ചെയ്തിരുന്നതായി സഹപ്രവർത്തകർ പറഞ്ഞതായും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടു കൂടി ഇരുചക്ര വാഹനത്തിൽ ജോലിസ്ഥലത്തേയ്ക്ക് വന്ന ആരതിയെ ബൈക്കിലെത്തിയ സാംജി ചന്ദ്രൻ തടഞ്ഞു നിർത്തി, കൈയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, ചേർത്തല പൊലീസും ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ആരതി പ്രദീപ് മരിച്ചു. ചേർത്തല പൊലീസ് കേസ് എടുത്തു. മക്കൾ - ഇഷാനി, സിയ. സഹോദരൻ - ബിബിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...