മലയോര മേഖലകളിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ച് നൽകി പൊതുവിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി.

പാലക്കാട്: മലയോര മേഖലകളിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ച് നൽകി പൊതുവിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി. പദ്ധതി തുടങ്ങി ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 5,85,590 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളാണ് ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തതെന്നാണ് കണക്കുകൾ.

ചിറ്റൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട് താലൂക്കുകളിലായി 642 കുടുംബങ്ങളാണ് നിലവില്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ചിറ്റൂരില്‍ 97 , മണ്ണാര്‍ക്കാട് 160, പാലക്കാട് 385-ഉം കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പറമ്പിക്കുളം, അട്ടപ്പാടി, വാളയാര്‍, മലമ്പുഴ വനമേഖലകളില്‍ പദ്ധതി സജീവമാണെന്ന് പാലക്കാട് ഇൻഫർമേഷൻസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഇതിനായി അഞ്ച് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 2019 ല്‍ ജില്ലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കട ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത് മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടിയിലാണ്. പിന്നീട് 2022ല്‍ പാലക്കാടും 2025ല്‍ പറമ്പിക്കുളത്തും പദ്ധതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിലവില്‍, മൂന്ന് താലൂക്കുകളിലായി 24 ഉന്നതികളിലാണ് സഞ്ചരിക്കുന്ന റേഷന്‍ കട പ്രവര്‍ത്തിക്കുന്നത്. അട്ടപ്പാടി ആനവായില്‍ ആറ്, മലമ്പുഴ അകമലവാരത്ത് 15, വാളയാറില്‍ ഒന്ന്, പറമ്പിക്കുളത്ത് രണ്ട് എന്നിങ്ങനെയാണ് ഈ പദ്ധതി നിലവില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതികളുടെ എണ്ണം. റേഷന്‍ സാധനങ്ങള്‍ക്കായി കെ. സ്റ്റോറുകളിലേക്ക് എത്താന്‍ ബുദ്ധിമുട്ടുന്ന മലയോര മേഖലകളിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ് സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി.