കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ കരുണ സംഗീത നിശ നടത്തിയത് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായിരുന്നില്ലെന്ന് ഹൈബി ഈഡന് ആഷിഖ് അബു നല്‍കിയ മറുപടിയെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യര്‍. വിഷയത്തിൽ ഹൈബി ഈഡൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയും ചോദ്യവും എന്ന തലക്കെട്ടോടെ കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റിനാണ് പരിഹാസം.

കരുണ പരിപാടിയിലൂടെ പിരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ തെളിവായി പുറത്ത് വിട്ട ചെക്കിലെ തിയതി ചൂണ്ടിക്കാണിച്ചാണ് പരിഹാസം. ഫെബ്രുവരി 14നാണ് തുക കൈമാറിയതെന്നാണ് ചെക്ക് വ്യക്തമാക്കുന്നത്. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (കെഎംഎഫ്)നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ പുറത്തുവന്നിരുന്നു.

എന്നാൽ, ആറരലക്ഷത്തിൽ താഴെ തുകമാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും മാർച്ച് 31നകം തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും കെഎംഎഫ് ഭാരവാഹികളിലൊരാളായ ബിജിപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു.കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സ്വന്തം ചിലവിൽ നടത്തിയ പരിപാടിയാണിതെന്ന് പറഞ്ഞ ആഷിഖ് അബു, ഹൈബി ഈഡന്റെ ഓഫീസിൽ നിന്ന് സൗജന്യ പാസ് ആവശ്യപ്പെട്ടുവെന്നും അത് നൽകിയെന്നും വ്യക്തമാക്കുന്നുണ്ട്. ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയിൽ സൗജന്യ പാസെന്ന സങ്കൽപ്പം തന്നെയില്ലല്ലോ എന്ന ചോദ്യത്തോടെയാണ് ആഷിഖ് അബുവിന്‍റെ  വിശദീകരണം.