Asianet News MalayalamAsianet News Malayalam

Sandeep Murder : ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ലെന്ന് കെ കെ രമ

കൃത്യമായ അന്വേഷണം നടത്തി അക്രമിസംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന് കഴിയണം. ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കുന്നൊരു സമൂഹത്തിൻ്റെ മുന്നിലേക്കാണ് നരാധമൻമാർ വീണ്ടും വീണ്ടും വാളെടുക്കുന്നതെന്നും കെ കെ രമ

sandeep murder KK Rema says every murder not just make a martyr
Author
Vadakara, First Published Dec 3, 2021, 6:59 PM IST
  • Facebook
  • Twitter
  • Whatsapp

വടകര: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപിന്റെ കൊലപാതകം ഏറെ അപലപനീയവും ദുഃഖകരവുമാണെന്ന് എംഎൽഎ കെ കെ രമ. ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവൻ മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെയും സൗഹൃദങ്ങളെയും കൂടെയാണ്. സംഘപരിവാറാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം പറയുന്നത്. കൃത്യമായ അന്വേഷണം നടത്തി അക്രമിസംഘത്തെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന് കഴിയണം.

ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കുന്നൊരു സമൂഹത്തിൻ്റെ മുന്നിലേക്കാണ് നരാധമൻമാർ വീണ്ടും വീണ്ടും വാളെടുക്കുന്നതെന്നും കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു. കൊലപാതകികളെ സംരക്ഷിക്കുകയും അവർ മഹാന്മാരാണെന്ന ബോധം സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് അവസാനിപ്പിച്ചാൽ മാത്രമേ ഇത്തരം ക്രൂര കൊലപാതകങ്ങൾ അവസാനിക്കുകയുള്ളു. സന്ദീപിന്റെ വിയോഗത്തിൽ ആ കുടുംബത്തിനും സുഹൃത്തുക്കൾക്കും നാടിനുമുണ്ടായ തീരാനഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, തിരുവല്ലയിൽ കുത്തേറ്റ് കൊല്ലപ്പെട്ട സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപിൻ്റെ മൃതദേഹം സംസ്കരിച്ചു. നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്ര അയച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും തുടങ്ങിയ വിലാപയാത്രയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. അഞ്ചരയോടെ ചാത്തങ്കേരിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.

Sandeep Murder : പ്രിയ സഖാവിന് കണ്ണീരോടെ വിട നൽകി നാട്; പി ബി സന്ദീപിൻ്റെ മൃതദേഹം സംസ്കരിച്ചു

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ,  സജി ചെറിയാൻ, വീണ ജോർജ്,  സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. ഇന്നലെ രാത്രിയിൽ അതിക്രൂരമായി സന്ദീപിനെ കുത്തിക്കൊന്ന ശേഷം ഒളിവിൽ പോയ പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു പ്രമോദ് എന്നിവരെ പുലർച്ചെ കരുവാറ്റയിൽ നിന്നും കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂരിലുള്ള വാടക മുറിയിൽ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ മൊബൈൽ ഫോൺ അടക്കം  കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

മുഖ്യപ്രതി ജിഷ്ണു രഘുവിന് സന്ദീപ് നോട് മുൻവൈരാഗ്യം ഉണ്ടായിരുന്നവെന്നും ഇത് തീർക്കാൻ വേണ്ടിയാണ് സുഹൃത്തുക്കളെ കുട്ടി ആസൂത്രണം ചെയ്ത കൊലപാതകം നടപ്പിലാക്കി എന്നുമാണ് പൊലീസ് ഭാഷ്യം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിഷ്ണു ജയിലിൽ വച്ചാണ് മറ്റു പ്രതികളെ പരിചയപ്പെടുന്നത്. വിവിധ സ്ഥലങ്ങളിലുള്ള പ്രതികൾക്ക് കൊലപാതകം ആസൂത്രണം ചെയ്യാൻ വേണ്ടി കുറ്റൂരിൽ മുറി വാടകയ്ക്കെടുത്തു നൽകി. ദിവസവും നാട്ടുകാർക്കൊപ്പം ചാത്തങ്കേരിലെ കൽബിൽ സന്ദീപ് ഉണ്ടാകും എന്ന് മനസ്സിലാക്കി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

Sandeep Murder : രാഷ്ട്രീയ കൊലപാതകമല്ലെന്ന് അന്വേഷണം കഴിയാതെ പറയരുത്; തിരിച്ചുവരവിൽ പൊലീസിനെതിരെ കോടിയേരി

സന്ദീപ് വധം അതിഹീനം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആസൂത്രണത്തിനും കൊലപാതകത്തിനും പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ അദ്ദേഹം നിർദേശം നൽകി. അതേസമയം, തിരുവല്ല പെരിങ്ങരിയിൽ ലോക്കൽ സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് നിഗമനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രം​ഗത്ത് വന്നു.അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്നും കോടിയേരി പറഞ്ഞു. സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios