ഇടുക്കി: ശാന്തന്‍പാറ കൊലപാതക കേസിലെ മുഖ്യപ്രതി വസീം, കൊല്ലപ്പെട്ട റിജോഷിന്‍റെ ഭാര്യ ലിജി എന്നിവരെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പനവേലിലെ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസുള്ള മകൾ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ മരിച്ചു. കേസന്വേഷിക്കുന്ന ശാന്തൻപാറ പൊലീസ് പനവേലിൽ എത്തിയിട്ടുണ്ട്.

ഇടുക്കി ശാന്തൻപാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വസീമും റിജോഷിന്‍റെ ഭാര്യ ലിജിയും രണ്ടര വയസുള്ള മകളും രണ്ട് ദിവസം മുമ്പാണ് പനവേലിൽ എത്തിയത്. തുടർന്ന് പനവേലിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു. മണിക്കൂറുകളായിട്ടും മുറിയിൽ നിന്ന് പുറത്ത് വരാതിരുന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാ‍ർ നടത്തിയ പരിശോധനയിലാണ് മൂവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പനവേൽ പൊലീസിൽ വിവരം അറിയിച്ച് മൂവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ യാത്ര മധ്യേ ലിജിയുടെ മകൾ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള വസീമും ലിജിയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

 കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിന്‍റെ മൃതദേഹം ശാന്തന്‍പാറയിലെ റിസോര്‍ട്ടിലെ പറമ്പില്‍ നിന്ന് ചാക്കില്‍കെട്ടി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിനിടെ വസീമിന്‍റെ കുറ്റസമ്മത വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചിരുന്നു. കൃത്യം നടത്തിയത് താനാണെന്നും മറ്റാര്‍ക്കും ഇതിൽ പങ്കില്ലെന്നുമായിരുന്നു സന്ദേശം. എന്നാൽ എവിടെയാണുള്ളതെന്ന് വസീം വെളിപ്പെടുത്തിയിരുന്നില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന് ബോധ്യമായതോടെ മകൾക്ക് വിഷം നൽകിയ ശേഷം ലിജിയും വസീമും വിഷം കഴിച്ചിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം. കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് വസീമിന്‍റെ സഹോദരൻ ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.