ഇടുക്കി: റിജോഷിന് പിന്നാലെ രണ്ടര വയസ്സുള്ള മകൾ ജൊവാന കൂടി കൊല്ലപ്പെട്ടതോടെ നെഞ്ചുപിടഞ്ഞ് ഇടുക്കി ശാന്തൻപാറക്കാർ. കുഞ്ഞിന്‍റെ സംസ്കാരചടങ്ങിനായി വീട്ടിലും പള്ളിയിലുമായി നൂറ് കണക്കിനാളുകളാണ് കണ്ണീരോടെ എത്തിയത്. അതിനിടെ വിഷം കഴിച്ച് ആശുപത്രിയിലായ റിജോഷിന്‍റെ ഭാര്യയും കാമുകനും അപകടനില തരണം ചെയ്തു. മുംബൈയിൽ നിന്ന് പുലർച്ചെ ഇടുക്കിയിലെത്തിച്ച കുഞ്ഞ് ജൊവാനയുടെ ചേതനയറ്റ ശരീരം ഒന്‍പത് മണിയോടെയാണ് ശാന്തൻപാറ പുത്തടിയിലുള്ള വീട്ടിലെത്തിച്ചത്.

റിജോഷിന്‍റെ വേർപാടിൽ നിന്ന് കണ്ണീരുണങ്ങും മുമ്പെ മറ്റൊരു മൃതദേഹം കൂടി ആ വീട്ടുമുറ്റത്തെത്തിയപ്പോൾ ഈ ഗ്രാമത്തിനത് താങ്ങാവുന്നതിലും അപ്പുറമായി. ജൊവാനയുടെ സഹോദരങ്ങളായ ജോയലിനയും ജൊഫീറ്റെയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും  നന്നേ പാടുപെട്ടു. പതിനൊന്ന് മണിയൊടെ ശാന്തൻപാറ ഇൻഫന്‍റ് ജീസസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ റിജോഷിനെ സംസ്കരിച്ചതിന് അടുത്തായി ജൊവാനയേയും സംസ്കരിച്ചു.

അതേസമയം കൊലപാതകത്തിന് ശേഷം മുംബൈയിലെത്തി വിഷം കഴിച്ച് ആശുപത്രിയിലായ റിജോഷിന്‍റെ ഭാര്യ ലിജി , കാമുകൻ വസീം എന്നിവർ അപകടനില തരണം ചെയ്തു. ലിജിയെ ഇന്ന് തന്നെ മഹാരാഷ്ട്ര പൊലീസും ശാന്തൻപാറ പൊലീസും ചോദ്യം ചെയ്തേക്കും.  കുഞ്ഞിന്‍റെ മരണത്തിൽ കൊലക്കുറ്റത്തിനും , ആത്മഹത്യാ ശ്രമത്തിനുമായി രണ്ട് കേസുകളാണ് ലിജിക്കും വസീമിനുമെതിരെ മഹാരാഷ്ട്ര പൊലീസ് എടുത്തിരിക്കുന്നത്. കഴിഞ്ഞമാസം 31നാണ് ശാന്തൻപാറ സ്വദേശി റിജോഷിനെ കൊന്ന ശേഷം ഭാര്യയും കാമുകനും നാടുവിട്ടത്. പൊലീസ് പിടിയിലാവുമെന്നായതോടെ മുംബൈയിൽ വച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.