കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് സന്തോഷ് ഈപ്പൻ നൽകിയ മൊഴിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ തനിക്ക് ലഭിച്ച ശേഷം 3.80 കോടി കമ്മീഷൻ നൽകിയെന്നും ഇതിനു ശേഷം ശിവശങ്കറെ താൻ നേരിൽ കണ്ടെന്നും തുടർന്ന് ശിവശങ്കറിൻ്റെ ക്യാബിനിൽ വച്ചു തന്നെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനേയും കണ്ടെന്നും മൊഴിയിലുണ്ട്. 

ഇതോടൊപ്പം സന്തോഷ് ഈപ്പൻ ഡോളർ ശേഖരിച്ചത് കരിഞ്ചന്തയിൽ നിന്നാണെന്നും  വ്യക്തമായിട്ടുണ്ട്.  ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ഇഡി വിവിധ ആളുകളിൽ നിന്നും ശേഖരിച്ച മൊഴിയിൽ നിന്നാണ് കമ്മീഷനായി നൽകാൻ ഉപയോഗിച്ച ഡോളറും കരിഞ്ചന്തയിൽ നിന്നാണ് വാങ്ങിയത് എന്ന കാര്യം വ്യക്തമായത്. 

ലൈഫ് മിഷൻ കരാർ തനിക്ക് ഉറപ്പിക്കാൻ വിവിധ തലത്തിൽ ഉള്ളവർക്ക് സന്തോഷ് ഈപ്പൻ കമ്മീഷൻ നൽകിയിരുന്നു. യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഖാലിദിന് 3.80 കോടിയാണ് നൽകിയത്. സന്ദീപ് നായ‍ർ, സരിത്ത്, സ്വപ്ന എന്നിവ‍ർക്കായി 80 ലക്ഷം രൂപയും നൽകി. ഇങ്ങനെ കമ്മീഷൻ നൽകുന്ന ഘട്ടത്തിലാണ് തനിക്ക് ഇന്ത്യൻ രൂപ വേണ്ടെന്നും യുഎസ് ഡോളറായി കമ്മീഷൻ വേണമെന്നും ഈജിപ്ഷ്യൻ പൌരനായ ഖാലിദ് നി‍ർബന്ധം പിടിച്ചത്. 

സ്വകാര്യ ബാങ്കായ ആക്സിസിൻ്റെ തിരുവനന്തപുരത്തേയും കൊച്ചിയിലേയും ജീവനക്കാരായ ശേഷാദ്രിയും ഇ‍ർഷാദുമാണ് കോഴ നൽകാനുള്ള ഡോള‍ർ സംഘടിപ്പിക്കാൻ സന്തോഷ് ഈപ്പനെ സഹായിച്ചത്. 3 ലക്ഷം യുഎസ് ഡോള‍ർ എറണാകുളത്ത് നിന്നും ഒരു ലക്ഷം യുഎസ് ഡോള‍ർ തിരുവനന്തപുരത്ത് നിന്നും ഇരുവരും സമാഹരിച്ച് സന്തോഷ് ഈപ്പനെ ഏൽപിച്ചു. പിന്നീട് ഈ തുക സ്വപ്ന വഴി യുഎഇ കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥന് കൈമാറി. ഇതോടൊപ്പം ഒരു കോടി രൂപ ഇന്ത്യൻ കറൻസിയായും കൊടുത്തു. അങ്ങനെ ആകെ 3.80 ലക്ഷം രൂപ കോഴയായി കൈമാറി. 

ലൈഫ് മിഷൻ ഇടപാട് തനിക്ക് ലഭിച്ചപ്പോൾ തന്നെ 7.5 കോടി രൂപ കമ്മീഷനായി സ്വ‍ർണക്കടത്ത് കേസ് പ്രതികൾ തന്നിൽ നിന്നും കൈപ്പറ്റിയെന്ന് ഇഡിക്ക് നൽകിയ മൊഴിയിൽ സന്തോഷ് ഈപ്പൻ പറയുന്നു, ഇതോടൊപ്പം സന്ദീപ് നായ‍‍ർ,സരിത്ത്, സ്വപ്ന,യദു എന്നിവ‍ർക്കായി 59 ലക്ഷം രൂപ ഐസോമോക്ക് എന്ന സന്ദീപിന്റെ സ്ഥാപനത്തിലേക്കും പണമായി നൽകിയെന്നും സന്തോഷ് ഈപ്പൻ ഇഡിയെ അറിയിച്ചിട്ടുണ്ട്. 

കമ്മീഷൻ നൽകുക, അതിനുള്ള പണം കള്ളപ്പണമായി കണ്ടെത്തിയതും ​ഗുരുതരമായ കുറ്റമായി ഇഡി കാണുന്നു. ഇതോടൊപ്പം ഈ തുക കൈമാറിയ ശേഷമാണ് തനിക്ക് ശിവശങ്കറെ കാണാൻ അനുവാദം കിട്ടിയതെന്നും സ്വപ്ന മുഖേന ശിവശങ്കറെ കണ്ടപ്പോൾ അദ്ദേഹമാണ് തൻ്റെ ക്യാബിനിലേക്ക് ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ വിളിപ്പിച്ച് കാണാൻ അവസരമൊരുക്കിയതെന്നും സന്തോഷ് ഈപ്പന്റെ മൊഴിയിലുണ്ട്. 

അതേസമയം സന്തോഷ് ഈപ്പന്റെ മൊഴി കൂടാതെ സ്വ‍ർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യയുടെ മൊഴിയും പുറത്തു വന്നിട്ടുണ്ട്. ഒരു എംഎൽഎയ്ക്ക് സ്വ‍ർണക്കടത്തിൽ നി‍ർണായക പങ്കുണ്ടെന്ന് ഇവരുടെ മൊഴിയിൽ പറയുന്നത്. എംഎൽഎയും കെടി റമീസും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഈ എംഎൽഎയും സ്വർണക്കടത്തിൻ്റെ ഭാ​ഗമാണെന്നും സന്ദീപ് പറഞ്ഞതായി കസ്റ്റംസിന് നൽകിയ മൊഴിയിൽ സൗമ്യ പറയുന്നത്. എന്നാൽ എംഎൽഎയെ സ്വ‍ർണക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിട്ടില്ല. എന്നാൽ ഇക്കാര്യം സ്ക്രീട്ട് റിപ്പോ‍ർട്ടായി കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നാണ് സൂചന. 

(ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച മൊഴിപക‍ർപ്പിൽ എംഎൽഎയുടെ പേര് പറയുന്നുണ്ടെങ്കിലും പ്രതിയുടെ ബന്ധുവിനുള്ള കേട്ടറിവ് മാത്രമായാണ് മൊഴി രേഖപ്പെടുത്തിയത് എന്നതിനാൽ പേര് വെളിപ്പെടുത്തുന്നില്ല)