Asianet News MalayalamAsianet News Malayalam

സാമ്പത്തിക തട്ടിപ്പുകേസ്; വൈ​ഗ കൊലക്കേസ് പ്രതിയെ മുംബൈയിലെത്തിച്ചു, ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍

പുണെയിൽ സ്റ്റീൽ വ്യാപാരം നടത്തിയിരുന്ന സമയത്താണ് സനുമോഹൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. എട്ടു പേരിൽ നിന്നായി ആറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

sanu mohan in mubai for another case he is sentenced to seven days police custody
Author
Kochi, First Published May 5, 2021, 7:59 PM IST

കൊച്ചി: കൊച്ചിയിലെ വൈഗ കൊലക്കേസ് പ്രതി സനുമോഹനെ സാമ്പത്തിക തട്ടിപ്പുകേസില്‍  അന്വേഷണത്തിനായി മുംബൈക്ക് കൊണ്ടുപോയി. മുംബൈ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പുണെയിൽ സ്റ്റീൽ വ്യാപാരം നടത്തിയിരുന്ന സമയത്താണ് സനുമോഹൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. എട്ടു പേരിൽ നിന്നായി ആറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പൊലീസ് പിടികൂടുമെന്ന് മനസ്സിലാക്കിയ സനുമോഹൻ  കേരളത്തിലെത്തി കങ്ങരപ്പടിയിലെ ഫ്ലാറ്റിലെ ഒളിവിലെന്ന പോലെ കഴിയുകയായിരുന്നു. 

ഇതിനിടെയാണ് മകൾ വൈഗയെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഒളിവിൽ പോയ സനുമോഹനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ മുമ്പൈ പൊലീസിൽ നിന്നും അന്വേഷണ സംഘം തട്ടിപ്പ് കേസ് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു. 

കൊലക്കേസിൽ അറസ്റ്റിലായ വിവരം അറിയിച്ചതിനെ തുടർന്ന് മുബൈ പോലീസ് കഴിഞ്ഞ ദിവസം തൃക്കാക്കരയിലെത്തി.  കോടതി അനുമതിയോടെ ജയിലിലെത്തി സനുമോഹനെ അറസ്റ്റ് ചെയ്തു. തുടർന്ന് മുംബൈ ചീഫ് മെട്രോപ്പളിറ്റൻ കോടതിയുടെ പ്രെഡക്ഷൻ വാറണ്ട് ഹാജരാക്കിയാണ് സനുമോഹനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുബൈ കോടതിയാണ് സനുമോഹനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്. 

മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗമാണ് കേസന്വേഷിക്കുന്നത്. അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം ഇയാളെ തിരികെ കൊച്ചിയിലെത്തിക്കും. കൊച്ചിയിലെത്തിയ നാലംഗ അന്വേഷണ സംഘം സനു മോഹന്‍റെ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios