കൊച്ചി: എറണാകുളം മട്ടാഞ്ചേരിയിലെ ഏറ്റവും പ്രായം കൂടിയ യഹൂദ വനിതാ സാറാ ജോക്കബ് കോഹൻ നിര്യാതയായി. 96 വയസ്സായിരുന്നു. ജൂതടൗണിലെ പരദേശി യഹൂദ പള്ളിക്കടുത്തായിരുന്നു സാറാ കോഹൻ താമസിച്ചിരുന്നത്. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മട്ടാഞ്ചേരി ജൂത ടൗണിൽ നടക്കും.

മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ അവശേഷിക്കുന്ന നാല് കുടുംബങ്ങളിലായുള്ള അഞ്ച് ജൂതരിൽ ഏക യഹൂദ വനിതയായിരുന്നു സാറ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രായത്തെ അവഗണിച്ച് സാറാ കോഹൻ വോട്ട് ചെയ്യാൻ എത്തിയിരുന്നു. യഹൂദ വനിതയായ സാറയുടെ ജീവിതം മാധ്യമങ്ങളിലടക്കം വാർത്തയായതാണ്.

സാറയും കെയർടേക്കര്‍ ആയ ഇസ്സാം മത വിശ്വാസി താഹ ഇബ്രാഹിമിനെയും കേരളക്കരയ്ക്ക് പരിചിതമാണ്. ഇരുവരുടെയും ആത്മബന്ധത്തിന്റെയും സ്നേഹബന്ധത്തിന്റെയും കഥ പറയുന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു. സാറാ താഹാ തൗഫീഖ് എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ശരത് കൊട്ടിക്കൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

മികച്ച വ്യാപാര സംരഭ കൂടിയായിരുന്നു സാറ. ജൂതൻമാരുടെ തൊപ്പി, വിവാഹ വസ്ത്രങ്ങൾ എന്നിവ അടക്കമുള്ള കരകൗശല വസ്തുക്കൾ സാറ കോഹൻ തയ്യാറാക്കി നൽകിയിട്ടുണ്ട്. ഇവ നിർമ്മിച്ച് നൽകുന്നതിന് വീടിന് ചേർന്ന് ഒരു കടയും സാറ ആരംഭിച്ചിരുന്നു.