കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗില്‍ കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതികളില്‍ ഒരാളായ സരിത്തിന്‍റെ കാര്‍ കസ്റ്റംസ് കസറ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ എടുത്ത ഹ്യുണ്ടായ് ക്രെറ്റ കാര്‍ പൊലീസ് കസ്റ്റംസ് ഡിവിഷണല്‍ ഓഫീസില്‍ എത്തിച്ചു. സരിത്തിന്‍റെ അച്ഛന്‍ സദനകുമാറിന്‍റെ പേരിലാണ് വാഹനം. അതേസമയം സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെക്ക് പങ്കുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. 

സ്വർണക്കടത്തിൽ അറ്റാഷെക്ക് പങ്കുണ്ടെന്നും രക്ഷപ്പെടാനായി അറ്റാഷെ സ്വപ്ന സുരേഷിനെ കേസിൽ കുടുക്കുമെന്നും സരിത് തന്നോട് പറഞ്ഞതായി  അഭിഭാഷകൻ കേസരി കൃഷ്ണൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. സ്വ‍ർണം പിടിക്കപ്പെടും എന്നുറപ്പായ ഘട്ടത്തിലാണ് അറ്റാഷെ കാലുമാറിയത്. ചരക്ക് പിടിച്ചെടുത്ത കസ്റ്റംസ് ഉ​ദ്യോ​ഗസ്ഥ‍ർ നയതന്ത്ര ബാ​ഗ് തുറക്കുന്നതിന് മുന്നോടിയായി കോൺസുലേറ്റിൽ നിന്നും അറ്റാഷെയെ വിളിച്ചു വരുത്തി. താൻ ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ഓ‍ർഡർ ചെയതെന്ന് പറഞ്ഞ് ഇയാൾ ഒഴിയുകയാണ് ചെയ്തെന്നും കേസരി കൃഷ്ണൻ നായ‍ർ വെളിപ്പെ‌ടുത്തി. 

അറ്റാഷെയെ കൂടാതെ സന്ദീപ് നായർക്കും കേസിൽ നി‍‍ർണായക പങ്കുണ്ടെന്നും വലിയൊരു കള്ളക്ക‌ടത്ത് സംഘത്തിന്‍റെ ഏറ്റവും താഴെയുള്ള കണ്ണികൾ മാത്രമാണ് സ്വപ്നയും സരിതെന്നും കേസരി കൃഷ്ണൻ നായ‍ർ വെളിപ്പെടുത്തുന്നു.