തുവയൂരിലെ സർവോദയ ഗാന്ധി സേവാ കേന്ദ്രം കാടുകയറി നശിക്കുന്നു. വർഷങ്ങൾ പഴക്കമുള്ള സേവാ കേന്ദ്രം സർക്കാർ ഏറ്റെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. 

പത്തനംതിട്ട: തുവയൂരിലെ സർവോദയ ഗാന്ധി സേവാ കേന്ദ്രം(Sarvodaya Gandhi Seva Kendra) കാടുകയറി നശിക്കുന്നു. വർഷങ്ങൾ പഴക്കമുള്ള സേവാ കേന്ദ്രം സർക്കാർ ഏറ്റെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. നവീകരണത്തിനായി പല തവണ പദ്ധതികൾ തയ്യാറാക്കിയെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. 

ഔഷധ സസ്യങ്ങൾ തിങ്ങി നിറഞ്ഞ് നിന്ന സ്ഥലം പാഴ്ചെടികൾ കയ്യേറി. പൊളിഞ്ഞ് വീണു തുടങ്ങിയ കെട്ടിടങ്ങൾക്കുള്ളിൽ ഇഴജന്തുക്കൾ. ഗാന്ധി സ്മാരക കേന്ദ്രത്തിന്റെ പഴയ പ്രതാപ കാലം ഓർമകളിൽ ചുരുക്കപ്പെടുകയാണ്.

നൂറ് കണക്കിന് ആളുകൾക്ക് നിത്യവരുമാനം നൽകിയിരുന്ന വസ്ത്രനിർമ്മാണ ശാലയാണിത്. തറിയും നൂൽനൂൽക്കുന്ന ചർക്കയും നശിച്ചു. സോപ്പ് നിർമ്മാണം, തേനീച്ച വളർത്തൽ, പച്ചക്കറി കൃഷി, കൊപ്ര സംഭരണം അങ്ങനെ ഒരുപാട് സംരഭങ്ങൾ, തൊഴിലവസരങ്ങൾ വീടില്ലാത്തവർക്ക് ഭൂമി കണ്ടെത്തി വീട് വെച്ച കൊടുത്തിരുന്ന ഒരു കാലവുമുണ്ടായിരുന്നു സോവാ ഗ്രാമത്തിന്. 

YouTube video player

തലമുറകളിലേക്ക് അറിവ് പകരാൻ പൂസ്തകങ്ങൾ കൂട്ടി വച്ച ലൈബ്രറിയുടെ അവസ്ഥയും പരിതാപകരം. പുസ്തകങ്ങൾക്കുള്ളിൽ അക്ഷരങ്ങളെ കാർന്നുതിന്നുന്ന ചിതലുകൾ. ഗാന്ധിയുടെ പുസ്തകങ്ങളും ഗാന്ധിയുടെ കഥപറയുന്ന പുസ്തകങ്ങളും കീറി നശിച്ചു. ഗാന്ധി മ്യൂസിയം ആർട്ട് ഗാലറി ലൈബ്രറി ചെറുകിട തൊഴിൽ യൂണിറ്റ് എന്നിവ ഉൾപ്പെടുത്തി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.