തിരുവനന്തപുരം:  കേരള സര്‍വ്വകലാശാല പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് വൈസ്‍ചാന്‍സിലറെ ഗവര്‍ണര്‍ പി സദാശിവം വിളിപ്പിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്തണമെന്നാണ് ഗവര്‍ണര്‍ പി സദാശിവത്തിന്‍റെ നിര്‍ദ്ദേശം.  തിങ്കളാഴ്ച കോൺസ്റ്റബിള്‍ പരീക്ഷയുടെ വിശദാംശങ്ങളുമായി എത്താൻ പിഎസ്‍സി ചെയര്‍മാനും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി.

യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ പി സദാശിവത്തിന്‍റെ നിലപാടിനെതിരെ ബിജെപി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.  യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ പരീക്ഷാ ക്രമക്കേടുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണര്‍ പാറക്കല്ല് പോലെ ഇരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നായിരുന്നു ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍റെ ആരോപണം.

നേരത്തേ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വൈസ്‍ചാന്‍സിലറോട് ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതിയുടെ വീട്ടിൽ നിന്നും യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറിയിൽ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകെട്ടുകളും സീലുകളും കണ്ടെടുത്തിരുന്നു.