Asianet News MalayalamAsianet News Malayalam

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍

പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് .കേരള സാഹിത്യ അക്കാദമി അവാർഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്

satheeshbabupayyannur no more
Author
First Published Nov 24, 2022, 4:13 PM IST

തിരുവനന്തപുരം: എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 59 വയസ്സായിരുന്നു. ഭാര്യക്കൊപ്പം വഞ്ചിയൂരിലെ ഫ്ളാറ്റിലായിരുന്നു താമസം. ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു. ഇന്ന് ഉച്ചയായിട്ടും ഭാര്യക്കും ബന്ധുക്കള്‍ക്കും ഫോണില്‍  കിട്ടിയില്ല. തുടര്‍ന്ന് പൊലീസെത്തി ഫ്ളാറ്റ് തള്ളിത്തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു.

 

പാലക്കാട്‌ ജില്ലയിലെ പത്തിരിപ്പാലയിൽ 1963ലാണ് അദ്ദേഹം  ജനിച്ചത്. കാഞ്ഞങ്ങാടു് നെഹ്രു കോളേജിലും തുടർന്നു് പയ്യന്നൂർ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസകാലത്തു തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയിൽ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ 'ക്യാമ്പസ് ടൈംസി'ന് നേതൃത്വം നൽകി പ്രസിദ്ധീകരിച്ചു.  വിദ്യാഭ്യാസത്തിനുശേഷം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട്‌ ‘ഈയാഴ്‌ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. 80കളിൽ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികൾ വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു.  പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർ‍‍ഡുകൾക്കും അർഹനായി. 
 
കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1992 ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.

Follow Us:
Download App:
  • android
  • ios