ഒരുലക്ഷം കുടുംബങ്ങൾക്ക് സ്വന്തം നിലയിൽ കുടിവെള്ളം നൽകി എന്നായിരുന്നു പ്രചാരണം. ഇതിനെതിരെ വാട്ടർ അതോറിറ്റി നോട്ടീസ് നൽകിയെങ്കിലും ട്രസ്റ്റ് മറുപടി നൽകിയിട്ടില്ല.

തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ അന്വേഷണം നേരിടുന്ന തിരുവനന്തപുരത്തെ സത്യസായി ട്രസ്റ്റ് സർക്കാരിനെയും പറ്റിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന ജലജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിയുടെ പേര് പറഞ്ഞായിരുന്നു കബളിപ്പിക്കൽ. ഒരുലക്ഷം കുടുംബങ്ങൾക്ക് സ്വന്തം നിലയിൽ കുടിവെള്ളം നൽകി എന്നായിരുന്നു പ്രചാരണം. ഇതിനെതിരെ വാട്ടർ അതോറിറ്റി നോട്ടീസ് നൽകിയെങ്കിലും ട്രസ്റ്റ് മറുപടി നൽകിയിട്ടില്ല.

ഗ്രാമീണ ജനതയ്ക്ക് കുടിവെള്ളം എത്തിക്കാനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേരളത്തിൽ 51 ലക്ഷം കുടുംബങ്ങളെ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിർവഹണത്തിനായി സന്നദ്ധ സംഘടനകളെയും നിയോഗിച്ചിട്ടുണ്ട്. ഇതിനായി ഇവർക്ക് പണം നൽകുന്നുമുണ്ട്. ഇത്തരത്തിൽ തിരഞ്ഞെടുത്ത 41 സംഘടനകളിൽ ഒന്നാണ് സത്യസായി ട്രസ്റ്റ്.

എന്നാൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 25ന് തിരുവനന്തപുരത്ത് നിശ്ചയിച്ച പരിപാടിക്കായി ട്രസ്റ്റ് പുറത്തിറക്കിയ നോട്ടീസ് ആണിത്. ഒരു ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകിയതിന്റെ ഉദ്ഘാടനം എന്നാണ് നോട്ടീസിൽ പറയുന്നത്. ചടങ്ങിലേക്ക് മന്ത്രി റോഷി അഗസ്റ്റിനെയും ക്ഷണിച്ചു. അപ്പോഴാണ് വ്യാജ പ്രചാരണം വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. ചടങ്ങിൽ നിന്നും മന്ത്രി പിന്മാറിയതിന് പുറകെ വാട്ടർ അതോറിറ്റി ട്രസ്റ്റിൽ നിന്ന് വിശദീകരണം തേടി.

സ്വന്തം നിലയിൽ കുടിവെള്ള വിതരണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ അറിയിക്കാനായിരുന്നു ആവശ്യം. എന്നാൽ മൂന്നുമാസം കഴിഞ്ഞിട്ടും ട്രസ്റ്റ് മറുപടി നൽകിയിട്ടില്ല. വിവിധ സന്നദ്ധ സംഘടനകളെയും അതുവഴി പ്രമുഖ വ്യക്തികളെയും തങ്ങളുടെ നെറ്റ്‌വർക്കിന്റെ ഭാഗമാക്കിയ അനന്തകുമാറും സംഘവും വിവിധ സർക്കാർ പദ്ധതികളെയും സ്വന്തം പേരിൽ ആക്കി ബഹുജന പിന്തുണ നേടാൻ ശ്രമിച്ചതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.

സത്യസായി ട്രസ്റ്റ് സർക്കാറിനെയും പറ്റിച്ചു, തട്ടിപ്പ് കുടിവെള്ള പദ്ധതിയുടെ പേരിൽ