അടാട്ട് തിരിച്ചുപിടിച്ച് പഞ്ചായത്ത് പ്രസിഡന്‍റായ അക്കര, നിയമസഭാ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങാൻ സാധ്യത.സിപിഎം ജില്ലയിൽ ഇറക്കാൻ സാധ്യതയുള്ള തുറുപ്പ് ചീട്ടുകളെ വെട്ടാനുള്ള നിയോഗമായിട്ടായിരിക്കും അനിൽ അക്കരെ മത്സരിക്കാനിറങ്ങുകയെന്നാണ് വിവരം.
തൃശൂര്‍: അടാട്ട് തിരിച്ചുപിടിച്ച അനിൽ അക്കരെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങിയേക്കുമെന്ന് സൂചന. അഞ്ച് വർഷം മുൻപ് വടക്കാഞ്ചേരിയിൽ പരാജയപ്പെട്ട്, ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തീരുമാനിച്ച അനിൽ അക്കര തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. അടാട്ട് തിരിച്ചുപിടിച്ച് പഞ്ചായത്ത് പ്രസിഡന്‍റായ അക്കര, നിയമസഭാ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങുമെന്നാണ് സൂചനകൾ. 2016ൽ തൃശൂർ കോൺഗ്രസിലെ അവസാന വാക്കായ സി എൻ ബാലകൃഷ്ണന്‍റെ എതിർപ്പ് മറികടന്നാണ് ഉശിരൻ നേതാവായ അനിൽ അക്കരയെ കോൺഗ്രസ് വടക്കാഞ്ചേരിയിൽ ഇറക്കിയത്. അടാട്ട് പഞ്ചായത്തിന്‍റെ സാരഥിയായി നിരവധി പുരസ്‌കാരങ്ങൾ നേടിയ, ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിൽ തിളങ്ങിയ അക്കര 43 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചെടുത്തത്. തുടര്‍ന്ന് പിണറായി വിജയൻ സർക്കാരിനെതിരെ അഴിമതിയുടെ പോർമുഖം തുറന്ന് തളരാതെ പോരാടിയ അനിൽ അക്കരയെ ആണ് നിയമസഭയിൽ കണ്ടത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ വീട് വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ തളച്ചെങ്കിലും വീട് മുടക്കിയെന്ന പേര് ചാർത്തി അനിൽ അക്കരയെ സിപിഎം പൂട്ടി. 2021 -ൽ അനിൽ അക്കരക്കെതിരെ എതിരാളികളുടെ ഏറ്റവും വലിയ പ്രചാരണ ആയുധം പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതി അട്ടിമറിച്ചെന്ന ആരോപണമായിരുന്നു വോട്ടെണ്ണിയപ്പോൾ സി പി എമ്മിന്‍റെ സേവ്യർ ചിറ്റിലപ്പള്ളി ഈസിയായി ജയിച്ചുകയറി. മണ്ഡലവും പാർട്ടിയും കൈവിട്ടപ്പോൾ തീർന്നെന്ന് കരുതിയ രാഷ്ട്രീയ ജീവിതം ഒന്നേന്നു തുടങ്ങുകയായിരുന്നു അനിൽ അക്കര. അടാട്ടിലേക്ക് തിരിച്ചുപോയി പഞ്ചായത്ത് പിടിച്ചു വീണ്ടും പ്രസിഡന്‍റായി.
പകുതിക്ക് നിർത്തിപ്പോയ പദ്ധതികൾ പൊടിതട്ടി എടുത്ത് അടാട്ടിനെ വീണ്ടും മാതൃക പഞ്ചായത്ത് ആക്കാനുള്ള ഒരുക്കത്തിലാണ്, ബിരുദ വിദ്യാർത്ഥിയായിരുന്നപ്പോള്‍ ആദ്യമായി അടാട്ട് മെമ്പറായ അനിൽ അക്കര. എന്നാൽ, പോരാളിയായ നേതാവിന്‍റെ മേൽ കോൺഗ്രസ് പാർട്ടിയുടെ പദ്ധതികൾ വേറെ ചിലതാണ്. സിപിഎം ജില്ലയിൽ ഇറക്കാൻ സാധ്യതയുള്ള തുറുപ്പ് ചീട്ടുകളെ വെട്ടാനുള്ള നിയോഗമാകും ഇത്തവണ അനിൽ അക്കരക്ക്. ഇരിങ്ങാലക്കുടയിൽ നിന്ന് ആർ ബിന്ദു മാറിനിന്നാൽ ഭർത്താവ് എ വിജയരാഘവൻ കുന്നംകുളത്ത് മത്സരിച്ചേക്കും. അങ്ങനെയെങ്കിൽ വിജയരാഘവനെ തളയ്ക്കാനുള്ള നിയോഗം അനിൽ അക്കരക്ക് വന്നേക്കാം. മണലൂരിൽ പ്രൊഫ. സി. രവീന്ദ്രനാഥിനെ സിപിഎം ഇറക്കുമെന്ന ചർച്ചകൾ സജീവമാണ്. ടി എൻ പ്രതാപൻ മണലൂരിൽ മത്സരിച്ചില്ലെങ്കിൽ രവീന്ദ്രനാഥിനെ നേരിടാനും കോൺഗ്രസ് പരിഗണിക്കുന്നത് അനിൽ അക്കരയെയാണ്.



