മതംമാറ്റ നിരോധനനിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കര്‍ദിനാള്‍ കാണാതെ പോയതെന്തെന്ന ചോദ്യവും സത്യദീപം ചോദിക്കുന്നു.

കൊച്ചി: സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ ഇന്ത്യയില്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന കര്‍ദിനാളിന്റെ പരാമര്‍ശം സമകാലീക ക്രിസ്ത്യന്‍ ന്യൂനപക്ഷവേട്ടയെ വല്ലാതെ ലളിതവല്‍ക്കരിക്കുന്നുവെന്ന് സത്യദീപം പറഞ്ഞു. മതംമാറ്റ നിരോധനനിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കര്‍ദിനാള്‍ കാണാതെ പോയതെന്തെന്ന ചോദ്യവും സത്യദീപം ചോദിക്കുന്നു.

ഗോള്‍ വാര്‍ക്കറുടെ 'വിചാരധാര'യില്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി ക്രിസ്ത്യാനികളും, മുസ്ലീമുകളും, കമ്മ്യൂണിസ്റ്റുകാരും ഇന്നും മാറ്റമില്ലാതെ തുടരുമ്പോള്‍, സഭാനേതൃത്വത്തിന്റെ വിചാരധാരയില്‍ അടിയന്തിര മാറ്റമുണ്ടായതിന്റെ അടിസ്ഥാനമെന്താണെന്നാണ് സത്യദീപത്തിന്‍റെ ചോദ്യം. ഈസ്റ്റര്‍ ദിനത്തില്‍ ഏതാനും ക്രിസ്ത്യന്‍ വീടുകളിലും, അരമനകളിലും ബി ജെ പി നേതാക്കള്‍ നടത്തിയ സന്ദര്‍ശനം രാഷ്ട്രീയപ്രേരിതമല്ലായിരുന്നുവെന്ന് സമര്‍ത്ഥിക്കുമ്പോഴും, സന്ദര്‍ശനത്തിലെ രാഷ്ട്രീയം മതേതര കേരളത്തിന് മനസ്സിലാകുന്നുണ്ട്. വിരുന്നു വന്നവരോട് സ്റ്റാന്‍സ്വാമി കൊല്ലപ്പെട്ടതെങ്ങനെയെന്നും കാന്ദമാലില്‍ ഇപ്പോഴും നീതി വൈകുന്നതെന്തുകൊണ്ടെന്നും ചോദിക്കാതെയാണ് തങ്ങളുടെ 'രാഷ്ട്രീയമര്യാദ' മെത്രാന്മാര്‍ കാണിച്ചത്.

ക്രൈസ്തവര്‍ക്കെതിരെ രാജ്യത്താകെ പെരുകുന്ന ആള്‍ക്കൂട്ടാക്രമങ്ങളെ അപലപിക്കാതെ കുറ്റകരമായ മൗനം തുടരുന്ന പ്രധാനമന്ത്രിയെ, ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി കത്തീഡ്രലില്‍ പ്രാര്‍ത്ഥനാഗീതം കേള്‍പ്പിച്ച് മടക്കിയ സഭാ നേതൃത്വം അതേ കുറ്റത്തില്‍ നിശ്ശബ്ദ പങ്കാളിയാണ്.. ജനാധിപത്യവും മതേതരത്വവും അപരിചിതമാകുന്ന അപകടസാധ്യതകളെക്കുറിച്ച് പുറത്തുപറയുകയെന്ന ഉത്തരവാദിത്വം നിസ്സാര നേട്ടങ്ങള്‍ക്കുവേണ്ടി നിറവേറ്റാതിരുന്നാല്‍ കാലം മാപ്പ് തരില്ലെന്നും സഭാനേതൃത്വം ഇത് മറന്നുപോകരുതെന്നും സത്യ ദീപം മുന്നറിയിപ്പ് നല്‍കുന്നു.

തിരുമേനിമാരുടെ ബിജെപി പ്രേമം കോൺഗ്രസ് ആപ്പീസ് പൂട്ടിക്കും, ഈ മോദി സ്തുതി കേസിൽ നിന്ന് രക്ഷപ്പെടാൻ': ജലീൽ

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News