തിരുവനന്തപുരം: സംസ്‌കൃത സർവകലാശാല നിയമന വിവാദത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നൽകി. മുൻ എംപി എംബി രാജേഷിന്റെ  ഭാര്യ നിനിത കണിച്ചേരിക്ക് സംസ്കൃത സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ  നിയമനത്തിന് ഒന്നാം റാങ്ക് നൽകുന്നതിന് മുൻകൈ എടുക്കുകയും , റാങ്ക് പട്ടികയ്ക്ക് എതിരെ സെലക്ഷൻ  കമ്മിറ്റിയിലെ വിദഗ്ധ  അംഗങ്ങൾ വിസി ക്ക് നൽകിയ  വിയോജനകുറിപ്പ് പുറത്തുവിടുകയും ചെയ്ത  വൈസ് ചാൻസലറെ  മാറ്റി നിർത്തി നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണറോട് ആവശ്യപ്പെട്ടത്. 

വിദഗ്ധ അംഗങ്ങൾ നൽകിയ ഉയർന്ന റാങ്കിനെ കമ്മിറ്റിയിലെ അംഗങ്ങളായ യൂണിവേഴ്സിറ്റിയിൽ തന്നെയുള്ള മൂന്ന് അധ്യാപകരെ കൊണ്ട് കൂടുതൽ മാർക്ക്‌ നൽകിച്ച് റാങ്ക് അട്ടിമറിച്ച് രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നൽകിയതും, വിദഗ്ധ സമിതി അംഗങ്ങളെ സമൂഹ മാധ്യമത്തിൽ അധിക്ഷേ പിക്കുന്നതിന്   അവർ നൽകിയ വിയോജനക്കുറിപ്പ് പുറത്തു നൽകിയതും വൈസ് ചാൻസലർ ആണെന്ന് കമ്മിറ്റി ആരോപിച്ചു.

വിസി യെ മാറ്റി നിർത്തി സർവകലാശാലയിൽ നടത്തിയ മുഴുവൻ അധ്യാപക നിയമന ങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.