Asianet News MalayalamAsianet News Malayalam

അധ്യാപക നിയമനത്തിൽ ചട്ടം മറികടന്ന് ഇടപെട്ടു; മന്ത്രി കെടി ജലീലിനെതിരെ ഗവർണർക്ക് പരാതി

ഒരു പഠന വിഭാഗത്തിൽ നിയമിച്ച അധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാൻ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കെ, ഇത് മറികടക്കാൻ സർവ്വകലാശാലയ്ക്ക് നിർദേശം നൽകിയെന്നാണ് പരാതി

Save University campaign committee files complaint against Minister KT Jaleel to governor
Author
Thiruvananthapuram, First Published Feb 17, 2021, 6:51 AM IST

തിരുവനന്തപുരം: എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തിൽ ചട്ടം മറികടന്ന് ഇടപെട്ടെന്ന് കാട്ടി മന്ത്രി കെ.ടി.ജലീലിനെതിരെ പരാതി. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ അധ്യാപകന്റെ പഠനവകുപ്പ് മാറ്റാൻ മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്ന് നിർദേശം നൽകിയത് ചട്ടലംഘനമണെന്നാണ് ആരോപണം. നേരത്തെ സർവ്വകലാശാല തന്നെ നിരസിച്ച അപേക്ഷയ്ക്കായി വീണ്ടും ഇടപെട്ടതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്.

ഒരു പഠന വിഭാഗത്തിൽ നിയമിച്ച അധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാൻ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കെ, ഇത് മറികടക്കാൻ മന്ത്രി തന്നെ ഇടപെട്ട് യോഗം വിളിച്ച് സർവ്വകലാശാലയ്ക്ക് നിർദേശം നൽകിയെന്നാണ് പരാതി. തുമ്പ സെൻറ് സേവ്യേഴ്സ് കോളജിൽ ലാറ്റിൻ പഠന വിഭാഗത്തിൽ നിയമിക്കപ്പെട്ട അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റുന്നതിൽ ഉചിതമായ നടപടി സ്വീകരിക്കാനാണ് കേരള സർവ്വകലാശാലയ്ക്ക് നിർദേശം നൽകിയത്. അപേക്ഷകനായ അധ്യാപകൻ ഫാ.വി.വൈ ദാസപ്പനെ കൂടി പങ്കെടുപ്പിച്ചാണ് സർവകലാശാല, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം ജനുവരി 7ന് മന്ത്രിയുടെ ചേമ്പറിൽ വിളിച്ചുകൂട്ടിയത്. നേരത്തെ ഈ അപേക്ഷ സർവവകലാശാല നിരസിച്ചിരുന്നു. സർവ്വകലാശാല ചട്ടവും ഇത്തരത്തിൽ പഠനവിഭാഗം മാറ്റുന്നതിന് എതിരാണ്. മാനേജ്മെന്റ് നൽകിയ അപേക്ഷയിൽ നേരിട്ട് യോഗം വിളിച്ച് മന്ത്രി ഇടപെട്ടതോടെ ഇക്കാര്യം ബുധനാഴ്ച ചേരുന്ന സിന്റിക്കേറ്റിന്റെ അജണ്ടയിൽ വരും.

ലാറ്റിൻ വിഭാഗത്തിൽ നിയമിക്കപ്പെട്ട ഇദ്ദേഹം പിന്നീട് കോളേജ് പ്രിൻസിപ്പലായതോടെ ലാറ്റിൻ ഭാഷ പഠിപ്പിക്കാൻ അധ്യാപകരില്ലെന്ന കാരണം നിരത്തിയാണ് പഠന വകുപ്പ് മാറ്റാൻ ശ്രമിക്കുന്നത്. ലാറ്റിൻ വിഭാഗത്തിൽ സ്ഥിര അധ്യാപകനെ നിയമിക്കാനാണ് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയുള്ള പരിഹാരം. മാനേജ്മെന്റുകൾക്ക് യഥേഷ്ടം അധ്യാപകരെ വിഷയം മാറ്റി നിയമിക്കുന്നതിന് സൗകര്യമൊരുക്കുന്ന തരത്തിൽ ഇത് കീഴ്വഴക്കമായി മാറുമെന്നും സെലക്ഷൻ കമ്മിറ്റികളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്നും പരാതിയിൽ പറയുന്നു. ചട്ടവിരുദ്ധമായി ഇടപെട്ട ഉത്തരവ് പിൻവലിക്കണമെന്നാണ് ആവശ്യം. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയോ അധ്യാപകന്റെയോ പ്രതികരണം ലഭ്യമായിട്ടില്ല.
 

Follow Us:
Download App:
  • android
  • ios