Asianet News MalayalamAsianet News Malayalam

ആര്യാടൻ മുഹമ്മദിന്റെ വിയോഗം ജനാധിപത്യ കേരളത്തിന് കനത്ത നഷ്ടം: സാദിഖലി ശിഹാബ് തങ്ങൾ

നവകേരളത്തിന്‍റെ പുരോഗതിയിലും കോൺഗ്രസ്സ് പാർട്ടിയുടെ വളർച്ചയിലും വലിയ പങ്കു വഹിക്കാൻ ആര്യാടന് സാധിച്ചുവെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Sayyid Sadik Ali Shihab Thangal says demise of aryadan muhammed is heavy loss for democratic kerala
Author
First Published Sep 25, 2022, 12:24 PM IST

കോഴിക്കോട്: മുതിർന്ന കോൺഗ്രസ്സ് നേതാവ്  ആര്യാടൻ മുഹമ്മദിന്‍റെ വേർപ്പാട് ജനാധിപത്യ കേരളത്തിന് കനത്ത നഷ്ടമാണെന്ന്  മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. വിയോഗം മതേതര ചേരിക്ക് ഏറെ ആഘാതം  ഉണ്ടാക്കുന്നതാണെന്നും സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

നവകേരളത്തിന്‍റെ പുരോഗതിയിലും കോൺഗ്രസ്സ് പാർട്ടിയുടെ വളർച്ചയിലും വലിയ പങ്കു വഹിക്കാൻ ആര്യാടന് സാധിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ മുൻനിര പോരാളിയായിരുന്ന അദ്ദേഹം കർമ്മനിരതനായ സംഘാടകനും, മികച്ച ഭരണാധികാരിയും, ആരേയും ആകർഷിക്കുന്ന പ്രസംഗ വൈഭവത്തിനുടമയുമായിരുന്നു. അടുപ്പക്കാരുടെയെല്ലാം പ്രിയപ്പെട്ട കുഞ്ഞാക്കയായിരുന്ന അദ്ധേഹത്തിന്‍റെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തുന്നതായി തങ്ങൾ പറഞ്ഞു.

ഇന്ന് രാവിലെയാണ്  ആര്യാടൻ മുഹമ്മദ് അന്തരിച്ചത്. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോൺഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. . മലപ്പുറം നിലമ്പൂരില്‍ ആര്യാടൻ ഉണ്ണീന്‍റെയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ആര്യാടന്‍ മുഹമ്മദിന്‍റെ ജനനം.

അതേസമയം ഭാരത് ജോഡ്ഡോ യാത്ര മുൻനിശ്ചയിച്ച പോലെ തുടരുമെന്ന് കോൺഗ്രസ്സ് നേതൃത്വം അറിയിച്ചു. മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മരണം കണക്കിലെടുത്ത് ഇന്നത്തെ യാത്ര റദ്ദാക്കുന്ന കാര്യം ആലോചിച്ചെങ്കിലും ആര്യാടൻ്റെ കുടുംബവുമായി കൂടിയാലോചന നടത്തിയ ശേഷം ഭാരത് ജോഡ്ഡോ യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു. ദേശീയയാത്രയായതിനാൽ ഭാരത് ജോഡ്ഡോ നിർത്തരുതെന്ന വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്നോടെ തൃശ്ശൂർ ജില്ലയിലെ ഭാരത് ജോഡ്ഡോ യാത്രയ്ക്ക് സമാപനമാവുകയാണ്. ആര്യാടന് ആദരാഞ്ജലി അർപ്പിക്കാൻ രാഹുൽ നിലമ്പൂരിലേക്ക് പോയിട്ടുണ്ട്. വൈകിട്ട് നാലോടെ അദ്ദേഹം മടങ്ങിയെത്തിയ ശേഷം യാത്ര വീണ്ടും പുനരാരംഭിക്കും.

Read More : തീരാ നഷ്ടം , തികഞ്ഞ മതേതരവാദി,സാധാരണക്കാരുടെ നേതാവ്-അനുസ്മരിച്ച് എകെ ആന്റണിയും കെ സുധാകരനും

Follow Us:
Download App:
  • android
  • ios