Asianet News MalayalamAsianet News Malayalam

ഇന്‍ഡോറില്‍ നിന്ന് എസ് ബി സര്‍വ്വത്തെ എത്തുന്നു; മരടിലെ ഫ്ലാറ്റുകള്‍ക്ക് പിന്നെ എന്ത് സംഭവിക്കും

ഇത്രയും വലിയ കെട്ടിട സമുച്ഛയം പൊളിക്കുന്നതില്‍ പ്രദേശവാസികള്‍ ആശങ്കപെടേണ്ടതില്ലെന്ന് സര്‍വ്വത്തെ വ്യക്തമാക്കികഴിഞ്ഞു. നിയന്ത്രിത സ്ഫോടനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആരും സംശയിക്കേണ്ടെന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്

sb sarwate kochi maradu flat
Author
Kochi, First Published Oct 10, 2019, 4:07 PM IST

കൊച്ചി: തീര പരിപാലന നിയമം ലംഘിച്ച് മരടിൽ നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചടുക്കാന്‍ നിയന്ത്രിത സ്ഫോടന വിദഗ്ധൻ എസ് ബി സര്‍വ്വത്തെ
കൊച്ചിയിലെത്തുകയാണ്. സ്ഫോടനങ്ങളിലൂടെ കെട്ടിടം പൊളിക്കുന്ന കാര്യത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയിട്ടുള്ള സര്‍വ്വത്തെ കൊച്ചിയിലെത്തുമ്പോള്‍ മരടിലെ ഫ്ലാറ്റുകള്‍ക്ക് എന്ത് സംഭവിക്കുമെന്നതാണ് കണ്ടറിയേണ്ടത്. പ്രദേശവാസികളുടെ ആശങ്കകളടക്കം പരിഹരിക്കാന്‍ കൂടിയാണ് സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന പ്രകാരം സര്‍വ്വത്തെ എത്തുന്നത്.

മരടിലെ ഫ്ലാറ്റുകള്‍ എങ്ങനെ പൊളിക്കണമെന്ന കൃത്യമായ പ്ലാനുമായാണ് അദ്ദേഹമെത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ഇത്രയും വലിയ കെട്ടിട സമുച്ഛയം പൊളിക്കുന്നതില്‍ പ്രദേശവാസികള്‍ ആശങ്കപെടേണ്ടതില്ലെന്ന് സര്‍വ്വത്തെ വ്യക്തമാക്കികഴിഞ്ഞു. നിയന്ത്രിത സ്ഫോടനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആരും സംശയിക്കേണ്ടെന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്. ഇത്തരം സ്ഫോടനങ്ങള്‍ ഭൂമിക്കടിയിലെ ഘടനയെ ബാധിക്കില്ല. പൈപ്പ് ലൈനുകളെ സംബന്ധിച്ചുള്ള സുരക്ഷയുടെ കാര്യത്തിലും സംശയം വേണ്ട. നാളെ രാവിലെ ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച ശേഷമാകും പൊളിക്കാനുള്ള പ്ലാന്‍ വരയ്ക്കുക.

സ്ഫോടനത്തിലൂടെ വലിയ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ കേരളത്തിന് വലിയ പ്രാവീണ്യമില്ലാത്തതുകൊണ്ടാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍
സ്വദേശിയായ സര്‍വ്വത്തെ കൊച്ചിയിലെത്തുന്നത്.  സ്ഫോടനത്തിലൂടെ കെട്ടിടം തകര്‍ത്ത് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട് സര്‍വ്വത്തെ.
അതുകൊണ്ടുതന്നെ മരടിലെ ഫ്ലാറ്റുകളുടെ കാര്യത്തില്‍ തീരുമാനമായെന്ന് ഉറപ്പിക്കാം. ഇരുനൂറോളം കെട്ടിടങ്ങളാണ് ഇക്കാലയളവില്‍ എസ് ബി സർവത്തെ പൊളിച്ചടുക്കിയിട്ടുള്ളത്.

ഹൈദരാബാദിലെ ഉത്തം ബ്ലാസ്‌ടെക്, വിജയ സ്റ്റോൺസ് എന്നിവയുടെ ഡയറക്ടർ ബോർഡംഗമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വത്തെ മൈനിങ്
എൻജിനീയറിംഗില്‍ രാജ്യത്തെ ഏറ്റവും പേരുകേട്ട വ്യക്തിയാണ്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സിന്‍റെ ഇന്‍ഡോർ ചാപ്ടർ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. നിയന്ത്രിത സ്ഫോടനങ്ങളിലൂടെ കെട്ടിടം പൊളിക്കുക മാത്രമല്ല. അതിനെക്കുറിച്ച് ഗ്രന്ഥവും തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട് സര്‍വ്വത്തെ.

സ്ഫോടനത്തിലൂടെ കെട്ടിടം പൊളിക്കുന്നതില്‍ വിദഗ്ധനാണെങ്കിലും കൊച്ചിയില്‍ സര്‍വ്വത്തെയ്ക്ക് മുന്നില്‍ വെല്ലുവിളിയുണ്ടായേക്കും. ഇത്ര വലിയ റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഒരുമിച്ച് പൊളിക്കുന്നത് ഇന്ത്യയിലാദ്യമായാണ്. എന്തായാലും വെല്ലുവിളികള്‍ മറികടന്ന് സര്‍വ്വത്തെ മരടിലെ കെട്ടിടം പൊളിക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൊച്ചിയിലെത്തുന്ന സർവ്വത്തെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നതിലും സർക്കാറിനെ സഹായിക്കും. നാളെ പൊളിക്കൽ ചുമതലയുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നതിലും സര്‍വ്വത്തെയുടെ നിര്‍ദ്ദേശമുണ്ടാകും. നിലവിൽ എഡി ഫെയ്സ്, വിജയ സ്റ്റീൽ അടക്കം മൂന്ന് കമ്പനികളാണ് ചുരുക്കപ്പട്ടികയിൽ ഉള്ളത്.

Follow Us:
Download App:
  • android
  • ios