2017 ല്‍ റബര്‍ സംസ്കരണ ഫാക്ടറി തുടങ്ങിയപ്പോള്‍ തന്നെ വഴിയുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ സിപിഎം പ്രാദേശിക നേതൃത്വം ഇവിടെ കൊടികുത്തിയത് വലിയ വിവാദമായിരുന്നു. 

കോഴിക്കോട്: സിപിഎമ്മിന്‍റെ കൊടികുത്തി സമരത്തെത്തുടര്‍ന്ന് വിവാദത്തിലായ കോഴിക്കോട് ഈങ്ങാപ്പുഴയിലെ (Engapuzha) വനിതാ സംരഭകയുടെ വീടും ഫാക്ടറിയും എസ്‍ബിഐ ബാങ്ക് (SBI) ജപ്തി ചെയ്തു. ഈങ്ങാപ്പുഴ കുപ്പായകോട് ജൂലി ടോണിയും കുടുംബവുമാണ് പെരുവഴിയിലായത്. സിപിഎമ്മിന്‍റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് സംരംഭം പൊളിഞ്ഞതെന്നും തിരിച്ചടവിന് ബാങ്ക് സാവകാശം തന്നില്ലെന്നും ജൂലി ടോണിയും കുടുംബവും ആരോപിച്ചു.

റബ്ബർ സംസ്കരണ യൂണിറ്റിനായി വീടും പറമ്പും ഇടുവച്ച് 2017 ല്‍ ജൂലി ടോമി ഈങ്ങാപ്പുഴ എസ്‍ബിഐ ശാഖയിൽ നിന്നെടുത്ത 1 കോടി 25 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് സര്‍ഫാസി നിയമ പ്രകാരമുളള ജപ്തി നടപടി. കോടതി ഉത്തരവ് പ്രകാരം ഇന്നലെ വൈകിട്ട് ജപ്തി നടപടി പൂർത്തിയാക്കി. വീടും കിടപ്പാടവും നഷ്ടമായതോടെ നാട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടക വീട്ടിലേക്ക് ജൂലിയും കുടുംബവും താമസം മാറ്റി. സംരംഭത്തിന് എതിരെ തുടക്കം മുതൽ സിപിഎം എതിർപ്പ് ഉന്നയിച്ചിരുന്നുവെന്ന് ജൂലിയുടെ ഭര്‍ത്താവ് ടോണി പറഞ്ഞു.

എന്നാൽ ആരോപണങ്ങൾ സിപിഎം നിഷേധിച്ചു. അയൽവാസിയുടെ വഴി തർക്കത്തിൽ മാത്രമാണ് ഇടപെട്ടത്. ഫാക്ടറി പ്രവർത്തനത്തിൽ ഇടപെട്ടിട്ടില്ലെന്നും സിപിഎം വിശദീകരിച്ചു. ജപ്തി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും ഡബ്റ്റ് റിക്കവറി ട്രിബ്യൂണലിനും ജൂലി പരാതി നൽകിയിരുന്നു. അതിനിടയിലാണ് ബാങ്ക് നടപടി.

YouTube video player