ജ്യോത്സ്യന്‍റെ വാക്ക് കേട്ട് തൊഴിലാളിയുടെ മകളെ മൂന്നാം ഭാര്യയാക്കാൻ വേണ്ടി പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നതാണ് പി രാജഗോപാലിനെതിരെയുള്ള കേസ്
ദില്ലി: തൊഴിലാളിയുടെ മകളെ മൂന്നാം ഭാര്യയാക്കാന്‍ യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങാനുള്ള സമയപരിധി നീട്ടണമെന്ന ശരവണ ഭവന്‍ ഹോട്ടലുകളുടെ ഉടമ പി രാജഗോപാലിന്‍റെ അപേക്ഷ സുപ്രീംകോടതി തള്ളി. കേസിൽ പി രാജഗോപാലിന് സുപ്രീംകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട പി രാജഗോപാലിന് പൊലീസിനുമുമ്പാകെ കീഴടങ്ങാന്‍ സുപ്രീംകോടതി അനുവദിച്ച അവസാന ദിവസം ജൂലൈ ഏഴായിരുന്നു. എന്നാല്‍ ജൂലൈ നാലിന് രാജഗോപാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പി രാജഗോപാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.
2001 ലാണ് പി രാജഗോപാലിനെതിരായ കേസുകളുടെ തുടക്കം. ജോത്സ്യന്‍റെ വാക്ക് കേട്ട് തൊഴിലാളിയുടെ മകളെ മൂന്നാം ഭാര്യയാക്കാൻ വേണ്ടി പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ ‘ഐശ്വര്യ’ങ്ങളും ഉണ്ടാകും എന്ന ജ്യോത്സ്യപ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
2004ല്‍ നടത്തിയ കൊലപാതകക്കേസില്‍ 71 വയസുകാരനായ രാജഗോപാല്‍ അടക്കമുള്ള അഞ്ച് പ്രതികള്‍ക്ക് വിചാരണ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഈ വിധി കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി ശരിവച്ചതോടെ രാജഗോപാല്‍ ജയിലില്‍ പോകേണ്ട അവസ്ഥയായി. ഇതിനെ മറികടക്കാന്‍വേണ്ടിയാണ് രാജഗോപാലിന്‍റെ ആശുപത്രിവാസമെന്നാണ് സൂചന.
Also Read ശരവണഭവൻ രാജഗോപാല്‍ കൊലപാതക കേസില്‍ അകത്താകുമ്പോള്‍; ഒരു സിനിമക്കഥയെ വെല്ലുന്ന സംഭവം
