Asianet News MalayalamAsianet News Malayalam

മൃഗങ്ങൾക്കുള്ള പരിഗണന പോലും കൊവിഡ് രോഗികൾക്ക് കിട്ടുന്നില്ലെന്ന് സുപ്രീംകോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തോട് അനാദരവ് കാട്ടുന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

SC Expressed concern on the condition of covid patients
Author
Delhi, First Published Jun 12, 2020, 3:21 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ മൃതദേഹത്തോട് കടുത്ത അനാദരവാണ് നടക്കുന്നതെന്ന് സുപ്രീം കോടതി വിമര്‍ശനം. മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ വരെ തള്ളുന്ന സംഭവങ്ങളുണ്ടെന്നും തിരിഞ്ഞു നോക്കാനാളില്ലാതെ കൊവിഡ് രോഗികൾ മരിച്ചു പോകുകയാണെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ച്  നിരീക്ഷിച്ചു. മൃഗങ്ങളേക്കാൾ മോശമായ രീതിയിലാണ് ആളുകൾ കൊവിഡ് രോഗികളോട് പെരുമാറുന്നതെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി.   

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തോട് അനാദരവ് കാട്ടുന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കാത്തതിലും കോടതി അതൃപ്തി രേഖപ്പെടുത്തി.

ദില്ലിയിലെ സാഹചര്യം അതീവ ഗുരുതരവും പരിതാപകരവുമാണെന്ന് തുറന്നടിച്ച കോടതി എന്തു കണ്ടാണ് കൊവിഡ് പരിശോധനകള്‍ കുറച്ചതെന്ന് ദില്ലി സര്‍ക്കാരിനോട് ചോദിച്ചു. ചെന്നൈയിലും മുംബൈയിലും 16000-17000 കൊവിഡ് ടെസ്റ്റുകൾ ദിനംപ്രതി നടക്കുമ്പോൾ ദില്ലിയിൽ അത് 7000-ത്തിൽ നിന്നും 5000 ആയി കുറഞ്ഞെന്നും കോടതി ചൂണ്ടിക്കാണിച്ചു.  ദില്ലി, മഹാരാഷ്ട്ര, തമിഴ് നാട്, പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. ഈമാസം 17ന് കേസ് വീണ്ടും പരിഗണിക്കും.

ബംഗാളിൽ മോർച്ചറിയിൽ നിന്നും ജീർണിച്ച 13 ശരീരങ്ങൾ നിലത്തൂടെ വലിച്ച് ആംബുലൻസിൽ കയറ്റുന്ന രംഗങ്ങൾ ഇന്നലെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നേരത്തെ ചെന്നൈയിൽ കൊവിഡ് ബാധിച്ചു മരിച്ചു ഡോക്ടറുടെ മൃതദേഹം സംസ്കരിക്കുന്നത് ജനം തടയുകയും മൃതദേഹം കൊണ്ടു വന്ന ആംബുലൻസ് ജനം ആക്രമിക്കുകയും ഡോക്ടറുടെ ബന്ധുക്കൾക്ക് അടക്കം പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യത്ത് പലയിടത്തും കൊവിഡ് ബാധിതരുടെ മൃതദേഹം മറവു ചെയ്യുന്നത് ജനം തടസപ്പെടുത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios