Asianet News MalayalamAsianet News Malayalam

ആലപ്പുഴ കാപ്പിക്കോ റിസോർട്ട് മാർച്ച് 28-നകം പൊളിക്കണം: അന്ത്യശാസനവുമായി സുപ്രീംകോടതി 

കോടതി ഉത്തരവ് വന്ന് വർഷങ്ങളായിട്ടും നടപടികൾ പൂർത്തിയാകാത്തിൽ കോടതി അതൃപ്തി  അറിയിച്ചു.

SC ordered to demolish kapico resort before march 28
Author
First Published Feb 21, 2023, 4:58 PM IST

ദില്ലി: ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. മാർച്ച് 28നകം പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് സുപ്രീംകോടതി സംസ്ഥാനത്തിന് അന്ത്യശാസനം നൽകി. 

ആലപ്പുഴ കാപ്പിക്കോ റിസോർട്ട് പൊളിക്കാനുള്ള നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഇന്ന് കേരളത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കോടതി ഉത്തരവ് വന്ന് വർഷങ്ങളായിട്ടും നടപടികൾ പൂർത്തിയാകാത്തിൽ കോടതി അതൃപ്തി  അറിയിച്ചു. നടപടികൾ പൂർത്തിയാകാത്തതിൽ ചീഫ് സെക്രട്ടറിക്ക് നേരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കുമെന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. എന്നാൽ പൊളിക്കൽ നടപടികൾ തുടങ്ങിയെന്നും ഇത് പൂർത്തിയാക്കാൻ കുറച്ച് സമയം കൂടി മാത്രം മതിയാകുമെന്നും സംസ്ഥാനത്തിനായി ഹാജരായ സ്റ്റാൻഡിംഗ് കൗൺസൽ സി.കെ ശശി സുപ്രീം കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത് നാല് ആഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. മാർച്ച് 28നകം പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം.  

ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയ തുരുത്ത് ദ്വീപിൽ നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചു നീക്കണമെന്ന് 2020 ജനുവരി പത്തിനാണ്  സുപ്രീംകോടതി ഉത്തരവിട്ടത്. തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിട്ടം പൊളിച്ചു കളയാനുള്ള ഹൈക്കോടതി വിധി ശരിവച്ചാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കഴിഞ്ഞവർഷം സെപ്തംബർ 14നാണ് പൊളിക്കൽ നടപടികൾ തുടങ്ങിയത്.

കേസിൽ സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ സി.കെ ശശി, അഭിഭാഷകൻ അബ്ദുള്ള നസീഹ് എന്നിവർ ഹാജരായി. കേസിൽ ഹർജിക്കാരായ ആലപ്പുഴയിലെ ജനസമ്പർക്കസമിതിക്കായി അഭിഭാഷകൻ, പി സുരേഷൻ ഹാജരായി. പൊളിക്കൽ വൈകുന്നതിൽ  ജനസമ്പർക്കസമിതിയാണ് കോടതയലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചത്.

Follow Us:
Download App:
  • android
  • ios