Asianet News MalayalamAsianet News Malayalam

വഞ്ചിയൂർ വിഷ്ണു കൊലപാതകം: പ്രതികളെ വിട്ടയച്ച നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി

കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ട് 2008 ഏപ്രിൽ ഒന്നിനാണ് ആർഎസ്എസ്  സംഘം വിഷ്‌ണുവിനെ വെട്ടിക്കൊന്നത്‌

SC rejects Kerala Govt appeal plea on Vanchiyoor Vishnu murder case
Author
First Published Dec 5, 2022, 3:35 PM IST

തിരുവനന്തപുരം: സി പി എം പ്രവർത്തകനും ഡിവൈഎഫ്ഐ നേതാവുമായിരുന്ന വഞ്ചിയൂർ വിഷ്ണു കൊലപാതക കേസിൽ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധിക്കെതിരായാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി വിധി ശരിവെക്കുകയായിരുന്നു. കേസിലെ പതിമൂന്ന് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.

കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ട് 2008 ഏപ്രിൽ ഒന്നിനാണ് ആർഎസ്എസ്  സംഘം വിഷ്‌ണുവിനെ വെട്ടിക്കൊന്നത്‌.  വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർഎസ്എസ് നേതാക്കളും പ്രവർത്തകരുമായിരുന്നു. 13 പ്രതികൾ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, പതിനഞ്ചാം പ്രതിക്ക് ജീവപര്യന്തവും, പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം തടവ്‌ ശിക്ഷയും നൽകി കോടതി ശിക്ഷിച്ചിരുന്നു. ഇവരെയെല്ലാം ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.

സാക്ഷി മൊഴികൾ അടക്കം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് സർക്കാർ അപ്പീലിൽ കുറ്റപ്പെടുത്തിയിരുന്നു. നാല് ദൃക്ഷസാക്ഷികൾ കേസിലുണ്ടെന്നും എന്നാല്‍, ഹൈക്കോടതി ഇത് പരിഗണിച്ചില്ലെന്നും അപ്പീലിൽ സംസ്ഥാനം പറയുന്നു. വിധിയിലുള്ള ഹൈക്കോടതിയുടെ കണ്ടെത്തലുകൾ അബദ്ധജടിലമാണെന്നും അപ്പീലിൽ ആരോപിക്കുന്നു.  സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി അഹമീദാണ് അപ്പീൽ ഫയൽ ചെയ്തത്.

സെഷന്‍സ് കോടതി ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചാണ് 2022 ജൂലൈ 12 ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് 13 പ്രതികളെയും വെറുതെ വിട്ട് ഉത്തരവിറക്കിയത്. വിഷ്ണു വധക്കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധി പ്രഖ്യാപിക്കവെ  കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios