ദില്ലി: ഗുജറാത്തിൽ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി വിശദീകരണം തേടി. ജൂണ്‍ 24 തിങ്കളാഴ്ചയ്ക്കുള്ളില്‍  മറുപടി നൽകണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. 

അമിത് ഷായും, സ്മൃതി ഇറാനിയും ലോക്സഭയിലേക്ക് തെരഞ്ഞെടുത്തിനെ തുടർന്നാണ് ഗുജറാത്തില്‍ രണ്ട് രാജ്യസഭാ സീറ്റുകൾ ഒഴിവുവന്നത്. വ്യത്യസ്ത ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നാൽ നിയമസഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിക്ക് മാത്രമെ പ്രതിനിധ്യം ഉണ്ടാവുകയുള്ളൂ.

ഇത് ആനുപാതിക പ്രാതിനിധ്യ നിയമത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ്  പരേഷ് ധനാനി നൽകിയ ഹ‍ർജിയിലാണ് സുപ്രീംകോടതി നടപടി. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും. ഒരേ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാല്‍ നിലവിലെ നിയമസഭയിലെ അംഗസംഖ്യ അനുസരിച്ച് കോണ്‍ഗ്രസിനും ബിജെപിക്കും ഒരോ സീറ്റ് വീതം ലഭിക്കും. മറിച്ച് വ്യത്യസ്ത ദിനങ്ങളിലാണ് തെരഞ്ഞെടുപ്പ് എങ്കില്‍ സഭയില്‍ ഭൂരിപക്ഷമുള്ല ബിജെപി രണ്ട് സീറ്റും നേടും.