ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത ലോകത്തിന് കാമഭ്രാന്ത് ആണെന്ന്  വാദത്തിനിടെ പറഞ്ഞു.

ദില്ലി: മീനങ്ങാടി പോക്സോ കേസിലെ പ്രതിയുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത ലോകത്തിന് കാമഭ്രാന്ത് ആണെന്ന് വാദത്തിനിടെ പറഞ്ഞു. താൻ ഹൈക്കോടതി ജഡ്ജിയായിരിക്കെ ഒരു കേസിൽ പിതാവിൽ നിന്ന് മകൾക്ക് അനുഭവിക്കേണ്ട വന്ന ക്രൂരമായ ലൈംഗീക ആക്രമണത്തെ കുറിച്ചും ജസ്റ്റിസ് ഗുപ്‌ത കോടതിയിൽ വിവരിച്ചു. 

മീനങ്ങാടി കേസിൽ അമ്മാവനെ കുട്ടിയെ സമീപിച്ച രീതി അതിക്രമമായി കാണാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയിൽ പ്രതിഭാഗം വാദിച്ചത്. എന്നാൽ അമ്മാവൻ വാത്സല്യത്തോടെ മാത്രമാണ് കുട്ടിയെ സമീപിച്ചതെന്ന പ്രതിയുടെ വാദം അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്ന് നീരീക്ഷിച്ച് കൊണ്ടാണ് പ്രതിക്ക് മുൻകൂർ ജാമ്യം കേരള ഹൈക്കോടതി നൽകിയത്. അതിജീവിതയുടെ അമ്മയ്ക്കുവേണ്ടി അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ സുപ്രീം കോടതിയില്‍ ഹാജരായി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജി അടുത്തമാസം പന്ത്രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

'ഫിലിപ്പോ ഒസെല്ലയെ എന്തിന് കേരളത്തിൽ നിന്ന് മടക്കി അയച്ചു'; കേന്ദ്രത്തോട് റിപ്പോർട്ട് തേടി ദില്ലി ഹൈക്കോടതി

ദില്ലി: അന്തർ ദേശീയ നരവംശ ശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ നിന്ന് മടക്കി അയച്ച സംഭവത്തിൽ കേന്ദ്രത്തേോട് റിപ്പോർട്ട് തേടി ദില്ലി ഹൈക്കോടതി. നടപടിക്കെതിരായ ഫിലിപ്പോ ഒസെല്ല നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വെർമ്മ അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്. ഒരു മാസത്തിനകം കേന്ദ്രം മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി.

വിസയും ഗവേഷണത്തിനുള്ള അനുമതിയും അടക്കം എല്ലാ രേഖകളുമുണ്ടായിട്ടും തന്നെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരികെ അയച്ച നടപടി റദ്ദാക്കണമെന്നും തിരികെ ഇന്ത്യയിൽ എത്തി ഗവേഷണത്തിന് അനുമതി നൽകണെന്നും കാട്ടിയാണ് ഫിലിപ്പോ ഒസെല്ലയെ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരാണ് ഫിലിപ്പോ ഒസെല്ലയ്തക്കായി ഹാജരായത്. തിരുവനന്തപുരത്ത് നടന്ന സംഭവമായതിനാൽ വിശദമായ റിപ്പോർട്ട് നൽകാൻ സമയം വേണമെന്ന കേന്ദ്ര ആവശ്യം കണക്കിലെടുത്താണ് കോടതി ഒരു മാസത്തെ സമയം നീട്ടി സർക്കാരിന് നൽകിയത്.

കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഫിലിപ്പോ ഒസെല്ലയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയും തിരിച്ചയക്കുകയും ചെയ്തത്. റിസർച് വീസയിലാണ് ഫിലിപ്പോ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴികളെ കുറിച്ചുള്ള ഒരു ഗവേഷണ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു യാത്ര. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും കാരണം വ്യക്തമാക്കാൻ കഴിയില്ലെന്നും എഫ്ആർആർഒ അധികൃതർ നൽകിയ വിശദീകരണം. സംഭവം കേരളത്തിൽ വലിയ ചർച്ചയായിരുന്നു.

ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒരു കാരണവും വ്യക്തമാക്കാതെ തിരികെ അയച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം രംഗത്ത് വന്നിരുന്നു. കേന്ദ്രത്തിന്‍റെ നടപടി അനീതിയാണെന്നും പ്രതിഷേധാർഹമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. തിരിച്ചയക്കാനുള്ള കാരണം വ്യക്തമാക്കാനോ അത് അദ്ദേഹത്തെ ബോധിപ്പിക്കാനോ വിമാനത്താവള അധികൃതർ തയാറായിരുന്നില്ലെന്ന് ചൂണ്ടികാട്ടിയ കോടതി കേന്ദ്ര നടപടിയുടെ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Read More : മുഖ്യമന്ത്രിക്കെതിരായ വിധി സഭയ്ക്ക് പരിശോധിക്കാം? ലോകായുക്ത നിയമഭേദഗതിയിൽ സമവായ നിര്‍ദേശം