സംസ്‍ക്കാരം വിലക്കിയ ആലമരം ശ്‍മശാനത്തിന്‍റെ ഭൂരിഭാഗവും സ്ഥലവും സർക്കാർ പുറമ്പോക്കെന്നാണ് റവന്യൂ കണ്ടെത്തൽ. 30 സെന്‍റില്‍ ഒന്‍പത് സെന്‍റ് മാത്രമാണ് ശ്‍മശാന കമ്മിറ്റിയുടെ പേരിലുള്ളത്. 

പാലക്കാട്: പട്ടികജാതിക്കാരിയുടെ മൃതദേഹത്തിന് സംസ്‍ക്കാര വിലക്കേർപ്പെടുത്തിയ സംഭവത്തില്‍ അട്ടപ്പാടി പുതൂർ പഞ്ചായത്തിന് പട്ടികവര്‍ഗ കമ്മീഷന്‍റെ വിമര്‍ശനം. നടന്നത് ജാതിവിവേചനവും ഭരണഘടനാ ലംഘനവുമാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ബിഎസ് മാവോ ജി ഏഷ്യാനെറ്റ് ന്യസിനോട് പറഞ്ഞു. സംസ്‍ക്കാരം വിലക്കിയ ആലമരം ശ്‍മശാനത്തിന്‍റെ ഭൂരിഭാഗവും സ്ഥലവും സർക്കാർ പുറമ്പോക്കെന്നാണ് റവന്യൂ കണ്ടെത്തൽ. 30 സെന്‍റില്‍ ഒന്‍പത് സെന്‍റ് മാത്രമാണ് ശ്‍മശാന കമ്മിറ്റിയുടെ പേരിലുള്ളത്. പഞ്ചായത്ത് 12 ലക്ഷം മുടക്കി പുറമ്പോക്കിനടക്കം മതിൽ കെട്ടി നൽകിയ സർക്കാർ ഭൂമിയിൽ സംസ്കാരം വിലക്കിയത് എന്തധികാരത്തിലെന്ന് പഞ്ചായത്തിനോട് കമ്മീഷന്‍ ചോദിച്ചു.

അട്ടപ്പാടി ഉമ്മത്തും പടിയിലെ പട്ടികജാതി വിഭാഗത്തില്‍ പെട്ട ശകുന്തളയുടെ മൃതദേഹമാണ് ജാതി വിവേചനം മൂലം പുറമ്പോക്കിൽ സംസ്കരിക്കേണ്ടി വന്നത്. വനഭൂമിയിലായിരുന്നു പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തില്‍ പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ നടത്തിയിരുന്നത്. വനം വകുപ്പ് മറ്റൊരിടം കണ്ടെത്തണമെന്ന് പറഞ്ഞതോടെയാണ് പ്രതിസന്ധിയുടെ തുടക്കം. ശകുന്തളയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പുതൂര്‍ ആലമരം പൊതു ശ്മശാനത്തിലെയെങ്കിലും ജാതി പറഞ്ഞ് ഇവിടെ സംസ്കരിക്കാൻ അനുവദിച്ചില്ല. ഒടുവില്‍ സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്‍റ് പുറമ്പോക്കില്‍ സംസ്കാര ചടങ്ങുകള്‍ നടത്താനുള്ള സൗകര്യമൊരുക്കുകയായിരുന്നു.