തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാർത്ഥി രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പട്ടികജാതി പട്ടികവർഗ കമ്മീഷൻ കേസെടുത്തു. കേസിൽ പട്ടികജാതി, പട്ടികവർഗക്കാർക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്താൻ പൊലീസിന് നിർദ്ദേശം നൽകി. മുപ്പത് ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ പൊലീസിനോട് നിർദ്ദേശിച്ചു. സംഭവമുണ്ടായ ശ്രീകാര്യം സിഇടിയിൽ കമ്മീഷൻ സന്ദർശനം നടത്തി. രണ്ട് ദിവസം മുൻപ് കാണാതായ രതീഷിനെ കോളേജിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ രാത്രിയാണ് കണ്ടെത്തിയത്. 

ശ്രീകാര്യം സിഇടിയിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ രതീഷിനെ വെള്ളിയാഴ്ച വൈകിട്ട് പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങിയ ശേഷമാണ് കാണാതായത്. കോളേജിനും ചുറ്റുവട്ടത്തും വിദ്യാർത്ഥികളുടെയും പൊലീസിന്‍റെയും നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാത്രി കോളേജിലെ സുരക്ഷാജീവനക്കാരാണ് ശുചിമുറിയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. 

നെയ്യാറ്റിൻകരയിലെ കഞ്ചാവ് മാഫിയക്കെതിരെ രതീഷ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ തന്‍റെ ഭർത്താവിന്‍റെ നേതൃത്വത്തിൽ കഞ്ചാവ് മാഫിയ രതീഷിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി വളർത്തമ്മ ഗിരിജ ആരോപിക്കുന്നു. കഞ്ചാവ് മാഫിയായിൽ നിന്ന്  ഭീഷണി ഉണ്ടെന്ന് രതീഷ് പറഞ്ഞിട്ടുള്ളതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. കാണാതായ വിവരം അറിയിച്ചിട്ടും പൊലീസ് അലംഭാവം കാണിച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. രതീഷിന്‍റെ മൊബൈൽ നെറ്റ്‍വര്‍ക്ക് പരിശോധിച്ചപ്പോൾ കോളേജിനുളളിൽ തന്നെയെന്ന് തെളിഞ്ഞിട്ടും കാര്യമായ പരിശോധന ഉണ്ടായില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.