ദില്ലി: ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്ന വഴിക്ക് യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം നൽകണമെന്ന ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരള പത്രപ്രവർത്തക യൂണിയനാണ് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.  

കാപ്പന്റെ നിയമ വിരുദ്ധ അറസ്റ്റിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പത്ര പ്രവർത്തക യൂണിയൻ കഴിഞ്ഞ ദിവസം നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. പോപ്പുലർ ഫ്രണ്ടുമായി സിദ്ധിഖ് കാപ്പന് ഒരു ബന്ധവുമില്ല, സിദ്ധിഖ് മുഴുവൻ സമയ മാധ്യമ പ്രവർത്തകനാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. 

സിദ്ധിഖിനെ കസ്റ്റഡിയിൽ പോലീസ് മർദ്ധിക്കുകയും അദ്ദേഹത്തിന് മരുന്ന് നിഷേധിക്കുകയും ഉറങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്നും യുപി സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് നൽകിയ മറുപടിയിൽ കെയുഡബ്ള്യൂജെ  ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.