Asianet News MalayalamAsianet News Malayalam

വാദത്തിന് തയ്യാറെന്ന് സിബിഐ, ലാവലിൻ കേസിൽ നാളെ സുപ്രീംകോടതിയിൽ വാദം തുടങ്ങും

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലാവലിൻ കേസിൽ നാളെ നിര്‍ണായകവാദം തുടങ്ങും. കേരളത്തിൽ തെര‍ഞ്ഞെടുപ്പ് ചര്‍ച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് ലാവലിൻ കേസ് വാദത്തിനെടുക്കുന്നത്. 

SC to consider Lavalin Case tomorrow
Author
Delhi, First Published Feb 22, 2021, 12:24 PM IST

ദില്ലി: ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവലിൻ കേസിൽ ഒടുവിൽ വാദം ആരംഭിക്കുന്നു. കേസിൽ വാദത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചതായാണ് സൂചന. കേസിൽ വാദം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. തുഷാര്‍ മേത്തയാവും നാളെ കോടതിയിൽ സിബിഐക്കായി ഹാജരാവുക എന്നാണ് സൂചന. 

സിബിഐ സമയം നീട്ടി ചോദിച്ചത് കാരണം ഇതുവരെ ഇരുപത് തവണയാണ് എസ്എൻസി ലാവലിൻ കേസിൻ്റെ വാദം സുപ്രീം കോടതി മാറ്റിവച്ചത്. ഇതിനിടെ കേസ് പരിഗണിക്കുന്ന ഡിവിഷൻ ബെ‍ഞ്ചിനും മാറ്റമുണ്ടായി.  ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് നിലവിൽ കേസ് പരിഗണിക്കുന്നത്. 

ഈ കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിനായി കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ശക്തമായ വാദവുമായി സിബിഐ വന്നാൽ മാത്രമേ ഹര്‍ജി നിലനിൽക്കൂവെന്ന് ജസ്റ്റിസ് യു.യു.ലളിത് നേരത്തെ കേസ് പരിഗണിച്ച ഘട്ടത്തിൽ സിബിഐയോട് വ്യക്തമാക്കിയിരുന്നു. 

നാളെ കേസ് വാദത്തിനെടുക്കാമെന്ന സിബിഐ നിലപാടിനോട് മറ്റു കക്ഷികളും യോജിച്ചുവെന്നാണ് സൂചന. ഈ സാഹചര്യത്തിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലാവലിൻ കേസിൽ നാളെ നിര്‍ണായകവാദം തുടങ്ങും. കേരളത്തിൽ തെര‍ഞ്ഞെടുപ്പ് ചര്‍ച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് ലാവലിൻ കേസ് വാദത്തിനെടുക്കുന്നത്. 

പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജിയും ഇതു കൂടാതെ പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നൽകിയ ഹര്‍ജിയും അടക്കം എല്ലാ ഹര്‍ജികളും ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക. 
 

Follow Us:
Download App:
  • android
  • ios